ഒറ്റപ്പാലം താലൂക്ക് ആശുപത്രി രക്തബാങ്ക് യാഥാർഥ്യത്തിലേക്ക്
text_fieldsഒറ്റപ്പാലം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിന്റെ പ്രവർത്തനം യാഥാർഥ്യത്തോടടുക്കുന്നു. മുഴുവൻ സജ്ജീകരണങ്ങളും പൂർത്തിയാക്കിയ രക്തബാങ്കിന്റെ പ്രവർത്തനത്തിന് തടസ്സമായിരുന്നത് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതിയാണ്.
അനുമതി നൽകുന്നതിന്റെ ഭാഗമായ ഇവരുടെ പരിശോധന 15ന് നടത്താൻ തീരുമാനിച്ചതോടെ രക്തബാങ്കിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയയിലാണ് ആശുപത്രി അധികൃതർ. കഴിഞ്ഞ ഏതാനും മാസങ്ങളായി താലൂക്ക് വികസന സമിതി യോഗങ്ങളിലെ സ്ഥിരം ചർച്ചയാണ് താലൂക്ക് അശുപത്രിയിലെ രക്ത ബാങ്ക്.
ലൈസൻസ് ലഭിക്കുന്ന മുറക്ക് രക്ത ബാങ്ക് പ്രവർത്തനം തുടങ്ങുമെന്ന സ്ഥിരം മറുപടിയാണ് ഇതിന് ലഭിക്കാറുള്ളത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോളറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കായി എത്തുക. രക്ത ബാങ്കിന് ആവശ്യമായ യന്ത്ര സംവിധാനങ്ങൾ നേരത്തെ സ്ഥാപിച്ചതാണ്. ദേശീയാരോഗ്യ ദൗത്യം മുഖേന ഡോക്ടർ ഉൾപ്പെടെ ആവശ്യമായ ജീവനക്കാരെയും ഇതിനകം നിയമിച്ചുകഴിഞ്ഞതാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ചും ഭൗതിക സൗകര്യങ്ങളെക്കുറിച്ചുമാണ് സംഘം പ്രധാനമായും പരിശോധിക്കുക.
രക്ത ബാങ്ക് പ്രവർത്തിച്ചുതുടങ്ങുന്നതോടെ പ്രതിമാസം 80 മുതൽ 100 യൂനിറ്റ് വരെ രക്തം ബാങ്കിൽ സംഭരിക്കാനാവും. നിലവിൽ രക്തം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ജില്ല ആശുപത്രിയെയോ മണ്ണാർക്കാട്ടെ ഗവ. ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
അഥവാ കൂടുതൽ വില നൽകി സ്വകാര്യ ആശുപത്രികളിൽ നിന്നും രക്തം വാങ്ങണം. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക് പ്രവർത്തിച്ചുതുടങ്ങുന്നതോടെ താലൂക്കിലെ വിവിധ ആശുപത്രികൾക്കും വലിയ അനുഗ്രഹമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.