റെയിൽവേ വികസനം; പ്രദേശവാസികൾക്ക് ദുരിതം
text_fieldsറെയിൽവേ അധികൃതർ ഒറ്റപ്പാലത്തെ റോഡ് തടസ്സപ്പെടുത്തി നടത്തുന്ന നിർമാണ പ്രവർത്തനം
ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡ് അടച്ചതോടെ പള്ളം പ്രദേശവാസികൾ ഉൾപ്പടെ നിരവധി കുടുംബങ്ങളുടെ വഴിമുട്ടി. റെയിൽവേ വഴി തടസ്സപ്പെടുത്തിയതോടെ പരിമിതമായ കാൽനട സൗകര്യവും തുടരാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
പ്ലാറ്റ്ഫോം വികസനത്തിന്റെ പേരിലാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമാന്തരമായ പാതയുടെ പടിഞ്ഞാറെ അതിർത്തി റെയിൽവേ അടച്ചത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുചെല്ലാൻ കഴിയാത്തത് പ്രദേശവാസികളുടെ നിത്യ ജീവിതത്തെയും ബാധിച്ചുതുടങ്ങി. ഭാരതപ്പുഴക്കും റെയിൽവേ ലൈനിനും ഇടയിലെ തുരുത്താണ് പള്ളം പ്രദേശം.
പള്ളം പ്രദേശത്ത് മാത്രം മുപ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് പുറമെ തമിഴ് തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേരും ഇവിടെ താമസിക്കുന്നുമുണ്ട്. തൊഴിലിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കും എന്നുവേണ്ട എന്താവശ്യത്തിനും പാളം മുറിച്ചുകടന്നുവേണം പ്ലാറ്റ്ഫോമിന് സമാന്തരമായ പാതയിലെത്താൻ. സാമ്പത്തികമായി മെച്ചപ്പെട്ട പള്ളം പ്രദേശത്തെ കുടുംബങ്ങൾ നേരത്തെ സൗകര്യങ്ങളുള്ള മറ്റു പ്രദേശങ്ങളിലേക്ക് താമസം മാറ്റി.
പുറമേ പോയി സ്ഥലം വാങ്ങി വീടുവെക്കാൻ കഴിയാത്തവരാണ് ഇപ്പോഴും ഇവിടെ തുടരാൻ നിർബന്ധിതരാകുന്നത്. സ്ഥലം വിൽക്കാൻ ശ്രമിച്ചാൽ പോലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. റെയിൽപാളത്തിന് അപ്പുറമുള്ള സ്ഥലമായതിനാൽ വായ്പ അനുവദിക്കാൻ പോലും ബാങ്കുകൾ തയാറുമല്ലെന്ന് പ്രദേശത്തുകാർ ആവലാതിപ്പെടുന്നു.
അത്യാസന്ന ഘട്ടങ്ങളിൽ രോഗിയെ ചുമന്ന് പാളം മുറിച്ചുകടന്ന് സമാന്തര പാതയിൽ എത്തിച്ചാണ് ഒറ്റപ്പാലത്തെ ആശുപത്രികളിൽ ശരണം തേടുന്നത്. ആംബുലൻസിന് കഷ്ടിച്ച് വന്നുപോകാൻ കഴിഞിരുന്നതും പാത തടസത്തെ തുടർന്ന് നിലവിൽ ഇല്ലാതായി. റെയിൽവേ കടുംപിടുത്തം തുടർന്നാൽ ഭാരതപ്പുഴക്കും റെയിൽ പാളത്തിനും ഇടയിലുള്ള ജീവിതങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.