മുക്കുപണ്ടം പണയത്തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴ് പ്രതികളും റിമാൻഡിൽ
text_fieldsഒറ്റപ്പാലം: ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്കിന്റെ പത്തിരിപ്പാല ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ ബാങ്ക് ഉദ്യോഗസ്ഥനും ബന്ധുക്കളും ഉൾപ്പെടെ ഏഴുപേരെ കോടതി റിമാൻഡ് ചെയ്തു.
സീനിയർ അക്കൗണ്ടൻറ് വെള്ളിനേഴി മോഹൻ സദനിൽ കെ.എസ്. മോഹനകൃഷ്ണൻ (55), സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തേങ്കുറുശ്ശി മഞ്ഞളൂർ ഇളമണ്ണം വാരിയത്ത് കെ.എസ്. ലക്ഷ്മി ദേവി (60), ഇവരുടെ ഭർത്താവും സി.പി.എം തേങ്കുറുശ്ശി ലോക്കൽ കമ്മിറ്റി അംഗവുമായ മഞ്ഞളൂർ ഇളമണ്ണം വാരിയത്ത് കെ.വി. വാസുദേവൻ (64), മകൻ വിവേക് (35), വിവേകിന്റെ ഭാര്യ ശരണ്യ മോഹൻ (30), കൊല്ലം പാണ്ടിത്തിട്ട അമ്പലനിരപ്പ് കൊച്ചുമുകളിൽ വീട്ടിൽ ഹരിലാൽ (34), തിരുവനന്തപുരം തിരുമല വട്ടവിള പത്മവിലാസം പുത്തൻവീട്ടിൽ അരവിന്ദ് ത്യാഗരാജൻ (33) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒറ്റപ്പാലത്തെ മജിസ്ട്രേറ്റിന്റെ അഭാവത്തിൽ പൊലീസ് ഏഴുപേരെയും പട്ടാമ്പി കോടതിയിലാണ് ഹാജരാക്കിയത്.
145 പവൻ തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ 42 തവണകളിലായി പണയപ്പെടുത്തി 45.85 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ഏറ്റവും ഒടുവിൽ കണ്ടെത്തിയത്. ശാഖ മാനേജരുടെ അഭാവത്തിൽ സീനിയർ അക്കൗണ്ടന്റ് മാനേജരുടെ ചുമതല ഏറ്റെടുക്കുന്നതാണ് പൊതുവായ രീതി. മാനേജരുടെ ചുമതല മോഹനകൃഷ്ണൻ ഏറ്റെടുക്കുന്ന ഘട്ടങ്ങളിലാണ് കൂട്ടുപ്രതികളുടെ പേരിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയിട്ടുള്ളത്. പ്രഥമ പരിശോധനയിൽ 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. തുടർപരിശോധനയിലാണ് ഇത് 45.85 ലക്ഷം രൂപയായി ഉയർന്നത്.
സഹോദരി പുത്രൻ വിവേക് നടത്തിയ വ്യവസായം തകർന്നതുമായുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് മോഹന കൃഷ്ണന്റെ സഹകരണത്തോടെ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബാങ്ക് അധികൃതരുടെ പരിശോധനയിലാണ് മുക്കുപണ്ടം തട്ടിപ്പ് വെളിപ്പെട്ടത്. തുടർന്ന് ബാങ്ക് അധികൃതർ മോഹനകൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
തട്ടിപ്പ് നടത്തിയ തുക തിരികെ ലഭിക്കാനായി ഇയാളുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികളും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. 2024 ജൂൺ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.