ലഹരിക്കെതിരെ നന്മയുടെ ചുവടുവെച്ച് തോൽപ്പാവകൾ
text_fieldsലഹരി കൂത്തിൽനിന്ന്
ഒറ്റപ്പാലം: സമൂഹത്തെ കാർന്നുതിന്നുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നന്മയുടെ സന്ദേശവുമായി തോൽപ്പാവകളും രംഗത്ത്. അനുഷ്ഠാന കലാരൂപമെന്ന നിലയിൽ ദേവിക്ഷേത്രങ്ങളുടെ മാടങ്ങളിൽ രാമായണ കഥയുമായി ഒതുങ്ങിക്കൂടിയിരുന്ന തോൽപ്പാവ കൂത്ത് കലാരൂപമാണ് മാറിയ സാഹചര്യത്തിൽ പുതിയ ദൗത്യവുമായി സമൂഹത്തിലേക്കിറങ്ങിയിരിക്കുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാത്ത സമൂഹത്തെ വാർത്തെടുക്കുക, കലയെ ലഹരിയാക്കി മാറ്റുക, ലഹരിക്ക് ഒരിക്കലും അടിമപ്പെടില്ല, വരം കണക്കെ കിട്ടിയ ജീവിതം എറിഞ്ഞുടക്കില്ല ഒരിക്കലും തുടങ്ങിയ സന്ദേശങ്ങളാണ് ലഹരിക്കൂത്തിലൂടെ അനാവൃതമാകുന്നത്.
ലഹരി വസ്തുക്കൾ മൂലം സമൂഹം നേരിടുന്ന മഹാവിപത്ത് കാരണമാണ് രാമായണം കഥ വിട്ട് ലഹരിക്കൂത്തുമായി സമൂഹത്തിലേക്കിറങ്ങാൻ പ്രേരണയായതെന്ന് ലഹരി കൂത്ത് ചിട്ടപ്പെടുത്തി സംവിധാനം ചെയ്ത പത്മശ്രീ ജേതാവ് രാമചന്ദ്ര പുലവരുടെ മകൻ രാജീവ് പുലവർ പറയുന്നു.
സംസ്ഥാനത്ത് വിദ്യാലയങ്ങൾ ഉൾപ്പടെ വിവിധയിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച വേദികളിൽ പാവ വണ്ടിയിലെത്തിയാണ് ലഹരിക്കൂത്ത് അവതരിപ്പിക്കുന്നത്. കൗമാരക്കാർക്കിടയിലായിരുന്നു ആദ്യ അവതരണം. പ്രശോഭ്, സുജിത്ത്, വിജയ് കൃഷ്ണ, ആദിത്യൻ, രാജലക്ഷ്മി, അശ്വതി, നിത്യ, നിവേദ്യ, ശ്രീലാൽ, ദേവപ്രിയ എന്നിവരാണ് സംഘത്തിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.