വരൾച്ചയിലും അനങ്ങനടിയുടെ കുളിരായി പ്ലാക്കാട്ടുകുളം
text_fieldsനവീകരണം പൂർത്തിയായ അനങ്ങനടിയിലെ പ്ലാക്കാട്ടുകുളം
ഒറ്റപ്പാലം: അനങ്ങനടി പഞ്ചായത്തിലെ പ്ലാക്കാട്ടുകുളത്തിന്റെ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. വേനലിലും ജലക്ഷാമം തൊട്ടുതീണ്ടാത്ത ഒന്നേകാൽ ഏക്കർ വിസ്തൃതിയുള്ള കുളം വർഷങ്ങളായി പായലും ചളിയും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ടാണ് കുളത്തിന്റെ നവീകരണം നടത്തിയത്. പി. മമ്മിക്കുട്ടി എം.എൽ.എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള പ്ലാക്കാട്ടുകുളത്തിന്റെ മുഖച്ഛായ മാറാൻ സഹായകരമായത് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലായിരുന്നു.
ഭരണസമിതിയുടെ നേതൃത്വത്തിൽ ജലസേചന വകുപ്പാണ് നവീകരണം നടത്തിയത്. കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തിയും ഇരുമ്പ് ഗ്രില്ലും സ്ഥാപിച്ചു. കുളത്തിന് ചുറ്റും ഇന്റർലോക്ക് കൂടി വിരിച്ചുകഴിഞ്ഞാൽ നിർമാണം പൂർത്തിയാകും. മാർച്ചിൽ ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രൻ പറഞ്ഞു.
വേനലിൽ പൊതുവെ വരൾച്ചാ മേഖലയായി വിശേഷിപ്പിക്കുന്ന അനങ്ങനടിക്ക് ഏറെ അനുഗ്രഹമാകുന്നതാണ് പ്ലാക്കാട്ടുകുളം. വറ്റാത്ത കുളത്തിൽനിന്ന് സമീപമുള്ള മുന്നൂറ് ഏക്കറോളം കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാൻ കഴിയും. ഇതിനകം നിരവധി പേരാണ് നീന്തൽ പരിശീലിക്കാൻ നിത്യേന കുളത്തിലെത്തുന്നത്. നീന്താനെത്തുന്നവരുടെ സുരക്ഷ മുൻനിർത്തി കുളത്തിന്റെ ഒരുഭാഗത്ത് ആഴം കുറഞ്ഞ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.