ശുചീകരിച്ച് കൈയെടുക്കും മുമ്പെ നഗരിപ്പുറം കനാലിലും റോഡിലും മാലിന്യം തള്ളി
text_fieldsനഗരിപ്പുറം പ്രധാന കനാലിൽ പ്ലാസ്റ്റിക് ചാക്കിൽ തള്ളിയ മാലിന്യം
പത്തിരിപ്പാല: ശുചീകരിച്ച് കൈയെടുക്കും മുമ്പെ വീണ്ടും കനാലിലും പരിസരങ്ങളിലും മാലിന്യം തള്ളി. മണ്ണൂർ പഞ്ചായത്ത് സമ്പൂർണ ശുചീകരണ പ്രഖ്യാപനം കഴിഞ്ഞദിവസം എം.എൽ.എ നിർവഹിച്ചിരുന്നു. പ്രഖ്യാപനത്തിന്റെ മുന്നോടിയായി നഗരിപ്പുറം കനാലും റോഡും മണ്ണുമന്തി യന്ത്രമുപയോഗിച്ച് ദിവസങ്ങളോളം ശുചീകരിക്കുകയും മാലിന്യം പൂർണമായും നീക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് ഒരുദിവസം കഴിയും മുമ്പ് കനാലിനകത്തും പരിസരങ്ങളിലും വ്യാപകമായി പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം തള്ളൽ തുടങ്ങി. മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ കാമറ സ്ഥാപിക്കാൻ രണ്ടാഴ്ച മുമ്പ് ഇവിടെ പോസ്റ്റും സ്ഥാപിച്ചിരുന്നു. കാമറ സ്ഥാപിക്കാനുള്ള പോസ്റ്റുകൾ സ്ഥാപിച്ചതല്ലാതെ തുടർ നടപടിയൊന്നും ഉണ്ടായില്ലെന്നും പൊതുപ്രവർത്തകൻ കൂടിയായ സൈനുദ്ദീൻ പത്തിരിപ്പാല ‘മാധ്യമ’ത്തോട് പറഞ്ഞു. കാമറ ഉടൻ സ്ഥാപിച്ചില്ലെങ്കിൽ കനാലും പരിസരവും വീണ്ടും മാലിന്യകൂമ്പാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കനാലിനോട് ചേർന്ന് നിരവധി വീടുകളുമുണ്ട്. ദുർഗന്ധം മൂലം ഇവർ ദുരിതം പേറുകയുമാണ്. കനാൽ റോഡ്ബൈപാസ് കൂടി ആയതിനാൽ നിരവധി വാഹനങ്ങൾ രാപ്പകലില്ലാതെ ഈ വഴി കടന്നുപോകുന്നുണ്ട്. ഇരുട്ടിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്. ഉടൻ തന്നെ പരിഹാരം കാണണമെന്നാണ് ജനകീയാവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.