നെല്ല് സംഭരണ വില ലഭ്യമായില്ല; മണ്ണൂരിൽ രണ്ടാം വിളയും തരിശിടാൻ കർഷകർ
text_fieldsമണ്ണൂർ തെഞ്ചേരി പാടശേഖരത്തിെല തരിശിട്ട നെൽവയൽ
പത്തിരിപ്പാല: സംഭരിച്ച നെല്ലിന്റെ വില നാല് മാസമായിട്ടും കർഷകർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ രണ്ടാംവിള കൃഷിയും ഉപേക്ഷിക്കാനൊരുങ്ങുന്നു. മണ്ണൂർ നഗരിപ്പുറം തെഞ്ചേരിപാടത്തെ 20ഓളം വരുന്ന കർഷകരാണ് രണ്ടാം വിള ഉപേക്ഷിക്കാൻ തീരുമാനമെടുത്തത്. സാമ്പത്തിക പ്രതിസന്ധിമൂലം കർഷകർ ഒന്നാംവിളയും പൂർണമായും ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ രണ്ടാംവിളയിലെ നെല്ല് സംഭരിക്കാൻ വൈകിയതോടെ നെല്ല് മാസങ്ങളോളം വയലിലും വീട്ടുമുറ്റത്തുമായി കെട്ടിക്കിടന്നിരുന്നു.
രണ്ടാംവിളയിൽ നെല്ലിന്റെ വിളവ് വർധനയും കൂടുതലായതോടെ സപ്ലൈകോ നെല്ല് സംഭരണത്തിൽ കാലതാമസവും നേരിട്ടു. അന്ന് രണ്ടു ശതമാനം കിഴിവോടെയാണ് സംഭരണം നടന്നത്. ഇത് മൂലം കർഷകർക്ക് വ്യാപക നഷ്ടവും ഉണ്ടായി. ഒരു ഏക്കർ കൃഷിയിറക്കാൻ 35000 രൂപയോളം ചെലവ് വന്നിരുന്നു. കൃഷിക്കായി എടുത്ത കാർഷിക വായ്പയുടെ നോട്ടീസും എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസത്തിലാണ് കർഷകർ. സ്വകാര്യ മേഖലക്ക് നെല്ല് സംഭരിക്കാനുള്ള സൗകര്യം ഒരുക്കി നൽകുകയാണ് സപ്ലൈകോ ചെയ്യുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
സപ്ലൈകോ കിലോക്ക് 30 രൂപക്ക് നെല്ല് സംഭരിക്കുന്നുണ്ടെങ്കിൽ സ്വകാര്യ മില്ലുടമകൾ 20 -21 രൂപക്കാണത്രേ സംഭരണം. കോപറേറ്റിവ് ബാങ്ക് മുഖാന്തരം നെല്ലിന്റെ വില നൽകാനുള്ള തീരുമാനമുണ്ടായെങ്കിലും പുതിയ സർക്കാർ വന്നതോടെ അതും നിലച്ചു. ദേശസാത്കൃത ബാങ്കുകളിലൂടെയാക്കി മാറ്റിയതും കർഷകർക്ക് വിനയായി. ഓണത്തിന് മുമ്പ് നെല്ലിന്റെ വില ലഭിച്ചില്ലെങ്കിൽ തെഞ്ചേരിപാടത്തെ കർഷകർ ചിങ്ങം ഒന്നിന് പ്രതിഷേധിക്കുമെന്നും രണ്ടാംവിള നെൽകൃഷി ഉപേക്ഷിക്കുമെന്നും കർഷകരായ എ.വി.എം റസ്സാക്ക്, എ.കെ. റിയാസ്, ടി.കെ. ഉണ്ണികൃഷ്ണൻ, ടി.സി. രാജഗോപാൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

