പട്ടാമ്പി പാലം നിർമാണം; പ്രവൃത്തികൾ അതിവേഗം
text_fieldsപട്ടാമ്പി: പട്ടാമ്പിയിൽ പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം. ആദ്യഘട്ടമെന്ന നിലയിൽ പൈലിങ്ങിനുള്ള പോയിന്റിങ് ആരംഭിച്ചു. രണ്ട് വർഷത്തെ കാലാവധിയാണ് പാലം നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്.
കിഫ്ബിക്ക് കീഴിൽ കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി 52. 576 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചത്. ഇതിൽ വൈദ്യുതി ബോർഡിന് പോസ്റ്റുകളും ലൈനുകളും മാറ്റുന്ന യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 10.5 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. 69.16 സെൻറ് സ്ഥലമാണ് പാലത്തിനായി ഏറ്റെടുക്കേണ്ടത്. ഇതിന് ഏകദേശം 6 കോടി 40 ലക്ഷത്തി അൻപതിനായിരം രൂപ നീക്കിവെച്ചിട്ടുണ്ട്.
40 കോടി 34 ലക്ഷത്തി അറുപതിനായിരം രൂപ പുതിയ പാലത്തിന് അനുവദിച്ചെങ്കിലും 33 കോടി 14 ലക്ഷത്തി അൻപത്തി മൂവായിരം രൂപക്കാണ് ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനി ടെൻഡർ ഏറ്റെടുത്തത്.
മുഹമ്മദ് മുഹസിൻ എം.എൽ.എ നിരന്തര ഇടപെടലുകൾ നടത്തുകയും നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി ടെൻഡർ ചെയ്തത്. സ്ഥലമേറ്റെടുപ്പടക്കം നടപടിക്രമങ്ങൾ വളരെ വേഗത്തിലാണ് നടക്കുന്നത്.
സ്ഥലം നഷ്ടപ്പെടുന്നവരെ നേരിട്ട് വിളിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ പട്ടാമ്പി താലൂക്കിൽ യോഗം ചേരുകയും മതിയായ നഷ്ടപരിഹാരം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പദ്ധതി പുരോഗതി വിലയിരുത്താൻ മുഹമ്മദ് മുഹസിൻ എം.എൽ.എ വകുപ്പ് ഉദ്യോഗസ്ഥരോടെപ്പം പ്രദേശം സന്ദർശിച്ചു. പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. നഗരസഭ ചെയർ പേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ പി.വിജയകുമാർ , കൗൺസിലർ എൻ. രാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവരും സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.