ആർക്ക് വീഴും കൊപ്പത്തിന്റെ നറുക്ക്
text_fieldsപട്ടാമ്പി: കഴിഞ്ഞ തെരഞ്ഞെടുപ്പ് നറുക്കെടുപ്പിൽ വിധി നിർണയിച്ച കൊപ്പം ഇത്തവണ എങ്ങോട്ട് ചായും? 2020ൽ എട്ട് വീതം വാർഡുകൾ നേടി എൽ.ഡി.എഫും യു.ഡി.എഫും ബാലബലമായി. ഒരു ബി.ജെ.പി അംഗവും ഭരണ സമിതിയിലെത്തി. നറുക്കെടുപ്പാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നിശ്ചയിച്ചത്.
ബി.ജെ.പി വിട്ടുനിന്ന നറുക്കെടുപ്പിൽ ഭാഗ്യം ഇരു വിഭാഗത്തെയും കടാക്ഷിച്ചു. സി.പി.എമ്മിലെ ടി. ഉണ്ണികൃഷ്ണൻ പ്രസിഡന്റും കോൺഗ്രസിലെ പുണ്യ സതീഷ് വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു.
2022 ഏപ്രിൽ മാസം പഞ്ചായത്തിന്റെ തലവര മാറ്റി കുറിക്കപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി അംഗം പിന്തുണച്ചപ്പോൾ സി.പി.എം ഭരണം അവസാനിച്ചു. പ്രസിഡന്റ് പുറത്തായി. 2022 മേയ് മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ അസീസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണം ഏറെ മുന്നോട്ട് പോയില്ല. യു.ഡി.എഫിൽ ഉണ്ടായ അസംതൃപ്തി ഭരണത്തിന് അന്ത്യം കുറിച്ചു.
യു.ഡി.എഫ് മെംബർമാരോടുള്ള അവഗണനയും ബി.ജെ.പിക്ക് വഴിവിട്ടുള്ള സഹായവും നാലാം വാർഡ് മെംബർ ഷെഫീഖിനെ ഇടതുപക്ഷത്തോട് അടുപ്പിച്ചു. 2024 ജനുവരിയിൽ സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തെ കോൺഗ്രസ് അംഗം ഷെഫീഖ് അനുകൂലിച്ചപ്പോൾ യു.ഡി.എഫ് ഭരണസമിതി വീണു. ഇദ്ദേഹത്തെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി. 2024 ഫെബ്രുവരി 23ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ടി. ഉണ്ണികൃഷ്ണൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തി.
യു.ഡി.എഫ് പ്രസിഡന്റ് പുറത്തായപ്പോൾ വൈസ് പ്രസിഡന്റ് പുണ്യ സതീഷും രാജിവെച്ചു. ഭരണം പൂർണമായും സി.പി. എമ്മിന്റെ കൈകളിലെത്തി. അഞ്ചു വർഷത്തിൽ മൂന്നു ഭരണസമിതികളെ പരീക്ഷിച്ച കൊപ്പത്തിന്റെ തലവര ഇക്കുറിയും നറുക്കെടുപ്പിന് വിട്ടുകൊടുക്കുമോ എന്നതാണ് തെരഞ്ഞെടുപ്പടുക്കുമ്പോൾ ഉയരുന്ന ചോദ്യം.
സി.പി.എമ്മിന്റെ കുത്തകയൊന്നുമല്ലെങ്കിലും കൊപ്പത്തിന്റെ ചായ്‍വ് ഏറെയും ഇടതു പക്ഷത്തോടൊപ്പമാണ്. വഴുതിപ്പോയ അവസരങ്ങളിൽ യു.ഡി.എഫിന് ഭരണത്തിലേറാൻ കഴിഞ്ഞെങ്കിലും നിലനിർത്താനായില്ല. ഇത്തവണ നറുക്കെടുപ്പിന് വിട്ടുകൊടുക്കാതെ വ്യക്തമായ ഭൂരിപക്ഷമാണ് ഇരു കൂട്ടരുടെയും ലക്ഷ്യം.
പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ പരിചയസമ്പന്നരും പുതുമുഖങ്ങളുമടങ്ങുന്ന സ്ഥാനാർഥികളെയാണ് യു.ഡി.എഫ് കളത്തിലിറക്കുന്നത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗീത മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.സി. അബ്ദുൽ അസീസ്, മുൻ പഞ്ചായത്ത് അംഗം മുസ്തഫ കല്ലിങ്ങൽ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. 20 വാർഡിൽ 10 വാർഡുകൾ വീതം കോൺഗ്രസും മുസ്‌ലിം ലീഗും പങ്കിട്ടെടുത്തു.
യു.ഡി.എഫ് സ്ഥാനാർഥികൾ
1. വെസ്റ്റ് പുലാശ്ശേരി -രവിസരോവരം, 2. പുലാശ്ശേരി -ഷാനിബ, 3. കൊപ്പം -എ.കെ. ഹനീഫ, 4. കൊപ്പം നോർത്ത് -ഗീത മണികണ്ഠൻ, 5. മിഠായിത്തെരുവ് -അമല 6. പ്രഭാപുരം -രാജശ്രീ, 7. മണ്ണേങ്ങോട് -അജയ്‌ഘോഷ്, 8. കൊപ്പം സൗത്ത് -സിനി ശിവദാസൻ 9. എറയൂർ -ജംഷീറ ശിഹാബലി, 10. നെടുമ്പ്രക്കാട് -ടി.കെ. ഷുക്കൂർ, 11. കിഴക്കേകര -എം.സി. അസീസ്, 12. ആമയൂർ -ടി.കെ. ഷാജി, 13. പുതിയ റോഡ് -ഫാരിഷ സലീം, 14. പുത്തൻ കുളം -ബാബു റസാക്ക്, 15. തൃത്താല കൊപ്പം -മുസ്തഫ കല്ലിങ്ങൽ, 16. അൻസാർ നഗർ -ഷഹന സദമ്, 17. മേൽമുറി -സ്മിത പ്രമോദ്, 18. കിഴുമുറി -അബ്ദുൽ സമദ്, 19. കൊപ്പം വെസ്റ്റ് -രജനി, 20. വിയറ്റ്നാംപടി - എ.കെ. മുസ്തഫ.
എൽ.ഡി.എഫ് സ്ഥാനാർഥികൾ
1. വെസ്റ്റ് പുലാശ്ശേരി: ടി. ഉണ്ണികൃഷ്ണൻ, 2. പുലാശ്ശേരി: ജ്യോതി സുരേന്ദ്രൻ, 3. കൊപ്പം: കെ. റിഫാസ്, 4. കൊപ്പം നോർത്ത്: എം.ടി. ആതിര, 5. മിഠായിതെരുവ്: എ.പി. ബിന്ദു, 6. പ്രഭാപുരം: പി. സുജാത, 7. മണ്ണേങ്ങോട്: ടി. രമണി, 8. കൊപ്പം സൗത്ത്: എസ്. മിനി, 9. എറയൂർ: വനജ കൃഷ്ണകുമാർ, 10. നെടുമ്പ്രക്കാട്: വി. മുരളീധരൻ, 11. കിഴക്കേക്കര: സി.ടി. മുജീബ് റഹ്മാൻ, 12. ആമയൂർ: കെ. വത്സല, 13. പുതിയ റോഡ്: സി.പി. റജ്‍ല ഉമ്മുസൽമ, 14. പുത്തൻ കുളം: ടി. മണികണ്ഠൻ, 15. തൃത്താല കൊപ്പം: എം. രാജൻ, 16. അൻസാർ നഗർ: കെ. രജനി. 17. മേൽമുറി: വി.പി. ജാസ്നി,18. കിഴുമുറി -കെ. വിനോദ് കുമാർ, 19. കൊപ്പം വെസ്റ്റ്: കെ.പി. ഷീജ, 20. വിയറ്റ്നാംപടി: എസ്. ഇബ്രാഹിം കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

