Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightഹാട്രിക്ക് തിളക്കത്തിൽ...

ഹാട്രിക്ക് തിളക്കത്തിൽ മുഹമ്മദ് മുഹ്‌സിൻ

text_fields
bookmark_border
ഹാട്രിക്ക് തിളക്കത്തിൽ മുഹമ്മദ് മുഹ്‌സിൻ
cancel
camera_alt

മുഹമ്മദ് മുഹ്‌സിൻ

പട്ടാമ്പി: യു.ഡി.എഫ് കൊടുങ്കാറ്റിൽ ഇളകാതെ പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിന് ഹാട്രിക് ജയം. ആദ്യന്തം ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിൽ എതിർസ്ഥാനാർഥി ലീഡ് നേടിയിട്ടും കുലുങ്ങാതെ നിന്ന എൽ.ഡി.എഫ് സാരഥിക്ക് വിശ്വാസം ഒന്ന് മാത്രമായിരുന്നു, പട്ടാമ്പിയുടെ ജനത കൈവിടില്ല. 9444 വോട്ടിന് ഹാട്രിക് വിജയം തേടിയെത്തിയപ്പോൾ പുറത്തെത്തിയ മുഹമ്മദ് മുഹ്‌സിൻ കാറിന്റെ എം.എൽ.എ ബോർഡ് മറച്ചിരുന്ന കറുത്ത തുണി മാറ്റി പ്രവർത്തകരെ ആശ്ലേഷിച്ചും കൈ കൊടുത്തും സന്തോഷം പങ്കുവെച്ചു. അമ്മ കുഞ്ഞിനെയെന്ന പോലെ പട്ടാമ്പി നെഞ്ചോട് ചേർത്ത് പിടിക്കും എന്നുറപ്പുണ്ടായിരുന്നു എന്നായിരുന്നു മുഹമ്മദ് മുഹ്‌സിന്റെ ആദ്യ പ്രതികരണം. ഈ വിജയം പണാധിപത്യത്തിനെതിരായ വിജയമാണെന്നും മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു.

പട്ടാമ്പി മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷം നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ തുടർച്ചക്ക് ആത്മാർത്ഥമായ പരിശ്രമം നടത്തുമെന്നും ഉറപ്പ് നൽകി. പട്ടാമ്പി നഗരസഭ അധ്യക്ഷൻ ടി.പി. ഷാജി (കോൺ) ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയത്തോടെ നഗരസഭ ഭരണം തിരിച്ചുപിടിച്ചിരുന്നു. ഇതിൽ ടി.പി. ഷാജിയുടെ പങ്ക് വലുതായിരുന്നു. കോൺഗ്രസിലേക്ക് മടങ്ങിയെത്താൻ ടി.പി. ഷാജിവെച്ച നിബന്ധന പ്രകാരം പട്ടാമ്പിയിൽ സ്ഥാനാർത്ഥിത്വം ലഭിച്ചതോടെ ഇരുവരും നേർക്കുനേർ പോരാട്ടത്തിന് വേദിയൊരുങ്ങി.

അഡ്വ. പി. മനോജ് എൻ.ഡി.എ സ്ഥാനാർഥിയായും രംഗത്തുണ്ടായിരുന്നു. പട്ടാമ്പി നഗരസഭയിലും വലതു കോട്ടയായ തിരുവേഗപ്പുറയിലും ലീഡ് നേടി വിജയം സ്വന്തമാക്കാമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. വല്ലപ്പുഴ, കുലുക്കല്ലൂർ പഞ്ചായത്തുകളിലും മുന്നേറാമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടൽ. സി.പി.എം ഉരുക്കു കോട്ടകളായിരുന്ന മുതുതല, വിളയൂർ പഞ്ചായത്തുകളിൽ അര നൂറ്റാണ്ടിന് ശേഷം ഭരണം പിടിച്ചെടുത്തതും വിജയപ്രതീക്ഷയായിരുന്നു. എന്നാൽ, സംസ്ഥാനമാകെ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയിട്ടും പട്ടാമ്പി കോട്ട തകർക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയിരുന്ന വെല്ലുവിളികളെല്ലാം അതിജീവിച്ച് രണ്ടിടങ്ങളിലൊഴികെ മുഹമ്മദ് മുഹ്‌സിൻ ആധിപത്യം പുലർത്തി. യു.ഡി.എഫ് അധികാരത്തിലുള്ള തിരുവേഗപ്പുറ, വല്ലപ്പുഴ പഞ്ചായത്തുകളിൽ മാത്രമാണ് പുറകിലായത്.

ഏഴു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമടങ്ങുന്ന മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഓങ്ങല്ലൂരിൽ മാത്രമായിരുന്നു എൽ.ഡി.എഫിന് വിജയം. കൊപ്പം നറുക്കെടുപ്പിലാണ് ലഭിച്ചത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചെയർമാനായ പട്ടാമ്പി നഗരസഭയും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളായ വിളയൂർ, കുലുക്കല്ലൂർ, മുതുതല എന്നിവയും മുഹമ്മദ് മുഹ്സിന് ലീഡ് നൽകി. ജന്മനാടായ കാരക്കാട് ഉൾപ്പെടുന്ന ഓങ്ങല്ലൂർ പഞ്ചായത്താണ് വൻ ലീഡ് നൽകിയത്. നറുക്കെടുപ്പിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ച കൊപ്പത്തും മുഹമ്മദ് മുഹ്‌സിൻ മുന്നിലാണ്. 2016ൽ കന്നി മത്സരത്തിൽ സി.പി. മുഹമ്മദിനെ 7404 വോട്ടിന് പരാജയപ്പെടുത്തിയാണ് മുഹമ്മദ് മുഹ്‌സിൻ പട്ടാമ്പിയുടെ ജനപ്രതിനിധിയായത്. 2021ൽ റിയാസ് മുക്കോളിക്കെതിരെ 18,149 വോട്ട് ഭൂരിപക്ഷത്തോടെ മിന്നും വിജയം കരസ്ഥമാക്കിയ സി.പി.ഐ യുവ നേതാവ് 2026ൽ 9404 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹാട്രിക് തികച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Muhsin MLA
News Summary - Mohammad Muhsin shines with hat-trick
Next Story