ഉത്രാളിത്തട്ടകത്തിൽ പൂരം പെയ്തിറങ്ങി കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും വിസ്മയമായി
text_fieldsഉത്രാളിക്കാവ് പൂരത്തിൽ നടന്ന കൂട്ടിയെഴുന്നള്ളിപ്പ് , ഫോട്ടോ- ടി.എച്ച് ജദീർ
വടക്കാഞ്ചേരി: ജനസാഗരത്തെ സാക്ഷിനിർത്തി ഉത്രാളിക്കാവ് പാടത്ത് പൂരവസന്തം പെയ്തിറങ്ങി. മധ്യകേരളത്തിലെ പൈതൃകത്തനിമയുള്ള ഉത്രാളിക്കാവ് മഹോത്സവത്തിന്റെ ദൃശ്യചാരുത ആവോളം നുകരാൻ തട്ടകദേശങ്ങളിൽ നിന്നുള്ളവരടക്കം പൂരപ്രേമികൾ കനത്ത ചൂടിനെ അവഗണിച്ച് പൂരനഗരിയിലെത്തിയിരുന്നു. എങ്കക്കാട്-കുമരനെല്ലൂർ-വടക്കാഞ്ചേരി ദേശങ്ങളാണ് ഉത്രാളിക്കാവ് പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്നവർ. വടക്കാഞ്ചേരി വിഭാഗത്തിന് ഊക്കൻസ് കുഞ്ചുവും കുമരനെല്ലൂർ വിഭാഗത്തിന് പുതുപ്പള്ളി കേശവനും എങ്കക്കാട് വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റി. രാവിലെ 11.30 മുതൽ 1.45 വരെ എങ്കക്കാട് വിഭാഗം ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.
തുടർന്ന് രണ്ട് മുതൽ ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ കുമരനെല്ലൂർ ദേശത്തിന്റെ പഞ്ചവാദ്യവും വടക്കാഞ്ചേരി ദേശത്തിന്റെ വിശ്വവിഖ്യാതമായ നടപ്പുര പഞ്ചവാദ്യവും രാജകീയ പ്രൗഢിയിലുള്ള ഉത്രാളിക്കാവിലേക്കുള്ള ഗജഘോഷയാത്രയും പൂരമഹിമക്ക് പകിട്ടേകി. കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും നാദ താളങ്ങളിൽ വിസ്മയം ജനിപ്പിക്കുന്ന പഞ്ചവാദ്യ മേള പെരുക്കങ്ങളുമെല്ലാം ആർപ്പുവിളികളോടെയാണ് പൂരപ്രേമികൾ ആസ്വദിച്ചത്. കുമരനെല്ലൂർ വിഭാഗത്തിന്റെ മാനത്ത് വെടിക്കെട്ടും പുലർച്ചെ വടക്കാഞ്ചേരി ദേശത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും തിറ, പൂതൻ, കുതിരക്കളി, ഹരിജൻ വേല തുടങ്ങിയവയെല്ലാം ആസ്വാദ്യ കാഴ്ചയൊരുക്കി. ബുധനാഴ്ച പുലർച്ചെ പഞ്ചവാദ്യം, ഭഗവതി പൂരം, കുട്ടിയെഴുന്നള്ളിപ്പ്, പൊങ്ങലിടി, കൽപന എന്നിവക്ക് ശേഷം ഉപചാരം ചൊല്ലി വിടവാങ്ങലോടെ പൂരത്തിന് കൊടിയിറങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.