തൊട്ടാൽ പൊള്ളി വെളിച്ചെണ്ണ
text_fieldsഒറ്റപ്പാലം: വെളിച്ചെണ്ണ വില വർധനയിൽ കുടുംബ ബജറ്റ് താളം തെറ്റിയതോടെ ബദൽ സംവിധാനമെന്ന നിലയിൽ പലരും ആശ്രയിക്കുന്നത് താരതമ്യേന വിലക്കുറവുള്ള വിപണികളിലെ ഇതര പാചക എണ്ണകളെ. വിപണികളിൽ സുലഭവും താരതമ്യേന കുറഞ്ഞ വിലയുമുള്ള സൂര്യകാന്തി എണ്ണ, പാമോയിൽ പോലുള്ള വസ്തുക്കളാണ് വെളിച്ചെണ്ണക്ക് ബദലായി വാങ്ങുന്നത്.
വെളിച്ചെണ്ണക്ക് പകരം ഉപയോഗിക്കുന്ന എണ്ണകളിൽ പലതും ചൂടാകുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ. ഇക്കാര്യം തിരിച്ചറിയുന്നവർ പോലും തലയിൽ തേക്കാനായി അൽപം വെളിച്ചെണ്ണയും പാചകാവശ്യങ്ങൾക്ക് ഇതര എണ്ണകളും വാങ്ങുകയാണ്. മേഖലയിലെ സ്വകാര്യ മില്ലുകളിലും ചില്ലറ പലവ്യഞ്ജന കടകളിലും കേര ഉൾപ്പടെയുള്ള ബ്രാൻഡഡ് വെളിച്ചെണ്ണക്ക് ലിറ്ററിന് 500 രൂപയാണ് ഇപ്പോഴും വില ഈടാക്കുന്നത്. 380 രൂപയുടെ വെളിച്ചെണ്ണയും കടകളിൽ കിട്ടാനുണ്ട്. എന്നാൽ, ഇതിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ആശങ്ക മൂലം വിലക്കുറവുള്ള വെളിച്ചെണ്ണക്ക് ആവശ്യക്കാർ കുറവുമാണ്. മുൻ കാലങ്ങളിൽ വില വർധന ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും കൂടിയ വില ആദ്യമെന്ന് വ്യാപാരികൾ പറയുന്നു. സ്ഥിരമായി കൊപ്ര ആട്ടിയിരുന്നവർ പോലും കൂടിയ വില നൽകി വെളിച്ചെണ്ണയോ പകരം എണ്ണകളോ വിപണികളിൽനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
നാളികേരത്തിന്റെ ഉൽപാദനക്കുറവിനോപ്പം കുരങ്ങന്മാരുടെ ശല്യവും കൂടിയതാണ് നാളികേര ക്ഷാമത്തിന് കാരണമായത്. കുരങ്ങന്മാർ സംഘമായെത്തി തെങ്ങിൽനിന്ന് ഇളനീർ പ്രായത്തിലുള്ള നാളികേരം നശിപ്പിക്കുന്നത് നോക്കി നിൽക്കാനെ വീട്ടുകാർക്ക്, പ്രത്യേകിച്ചും സ്ത്രീകൾ മാത്രമുള്ളവർക്ക് കഴിയുന്നുള്ളൂ. എറിഞ്ഞാലും പടക്കം പൊട്ടിച്ചാലുമൊന്നും ഇവ പിന്തിരിയാറില്ല. സ്ഥിരമായ ഈ പ്രതിരോധ നടപടികൾ കണ്ടുശീലിച്ച കുരങ്ങന്മാർക്ക് ഇത്തരം ഉപായങ്ങളിൽ അശേഷം ഭയമില്ലതായി.
ഇതുകൊണ്ടുതന്നെ ആവശ്യാനുസരണം തേങ്ങ സ്വന്തം വീട്ടുവളപ്പിൽനിന്ന് ലഭിച്ചിരുന്ന സാധാരണക്കാർക്ക് പാചക ആവശ്യത്തിനുള്ള നാളികേരത്തിന് പോലും കടകളെ ആശ്രയിക്കേണ്ടി വരുന്നതാണ് അനുഭവം. പച്ച തേങ്ങ ആട്ടുന്ന മില്ലുകളിൽ മൂപ്പെത്താത്ത തേങ്ങയാണ് കൂടുതലായി വരുന്നതെന്നും വില വർധനവാണ് ഇതിന് കാരണമെന്നും മില്ലുടമകളും പറയുന്നു. തേങ്ങ ഉൽപാദനം കുറഞ്ഞതോടെ തെങ്ങ് കയറ്റക്കാർക്കും തൊഴിൽ അവസരം കുറഞ്ഞു.
നാളികേര വില കുറഞ്ഞിട്ടും കൂടിയ വിലയിൽ വെളിച്ചെണ്ണ
ഒറ്റപ്പാലം: നാളികേര വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വില ഉയർന്നുതന്നെ. ഏതാനും ദിവസം മുമ്പുവരെ കിലോക്ക് 80 രൂപക്കാണ് മലഞ്ചരക്ക് കേന്ദ്രങ്ങൾ നാളികേരം ശേഖരിച്ചിരുന്നത്. ഇതേ തുടർന്നാണ് വെളിച്ചെണ്ണക്ക് വിലയേറിയത്. എന്നാൽ, മേഖലയിലെ മലഞ്ചരക്ക് കേന്ദ്രങ്ങളിൽ 56 രൂപക്കാണ് കഴിഞ്ഞദിവസങ്ങളിൽ തേങ്ങ ശേഖരിക്കുന്നത്. നേരത്തേ എണ്ണ മില്ലുടമകൾ കൂടിയ വില നൽകി വാങ്ങിയ തേങ്ങയും കൊപ്രയും സ്റ്റോക്കുള്ളതാണ് വെളിച്ചെണ്ണ വില മാറാതെ തുടരാൻ കാരണം.
അതുകൊണ്ടുതന്നെ തേങ്ങ വില കുറഞ്ഞാലും വെളിച്ചെണ്ണ വില നിലവിലെ രീതിയിൽ തുടരാതെ നിർവാഹമില്ലെന്നാണ് ഇക്കൂട്ടരുടെ വാദം സ്റ്റോക്ക് തീരുന്ന മുറക്ക് വിപണികളിൽ എണ്ണക്കും വില കുറയുമെന്ന് ഇവർ പറയുന്നു. തേങ്ങ വിലയിലെ വ്യതിയാനം എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട ചെലവുകളെ ബാധിക്കുന്നില്ലെന്നതിനാൽ കാര്യമായ മാറ്റം ഉടനെയൊന്നും ഉണ്ടാവാൻ വഴിയില്ലെന്ന സൂചനയുമുണ്ട്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെളിച്ചെണ്ണ വിലയിൽ സാരമായ കുറവുവന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.