അനിയന്ത്രിത മണ്ണെടുപ്പിനെതിരെ പ്രതിഷേധം
text_fieldsവാവന്നൂരിലെ മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
കൂറ്റനാട്: വാവനൂർ എൻജിനീയറിങ് കോളജ് കാമ്പസിലെയും സമീപപ്രദേശത്തെയും കുന്നുകളിടിച്ച് അനിയന്ത്രിതമായി മണ്ണെടുപ്പ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്.
മൈനിങ് ആൻഡ് ജിയോളജി, റവന്യൂ എന്നീ വകുപ്പുകളുടെ അനുമതിയോടെയാണ് പ്രദേശത്തെ രണ്ടര ഏക്കർ ഭൂമിയിൽനിന്ന് മണ്ണെടുപ്പ് നടത്തുന്നത്.
വലിയ പാരിസ്ഥിതിക പ്രത്യാഘാതമാണ് ഉണ്ടാകാൻ പോകുന്നതെന്നും 40 മുതല് 60 ടൺ കപ്പാസിറ്റിയുള്ള ടോറസുകളിലാണ് രണ്ടുദിവസങ്ങളായി മണ്ണ് കടത്തുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
വിഷയം റവന്യൂ അധികാരികളെ ധരിപ്പിച്ചെന്നും സർക്കാർ അനുമതിയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്നാണ് അറിയിച്ചതെന്നും ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവദാസ് പറഞ്ഞു. കോളജിലേക്കുള്ള വീതി കുറഞ്ഞ റോഡിലൂടെ ഭാരവാഹനങ്ങൾ ഓടുന്നത് പ്രദേശവാസിൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കൂടാതെ കുന്നിന്റെ ഇങ്ങേ ചെരുവിൽ താമസിക്കുന്ന നൂറുകണക്കിനാളുകളുടെ ജീവന്റെയും സുരക്ഷിതത്വത്തിന്റെയും പ്രശ്നം അതീവ ഗൗരവമുള്ളതാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദ റിയാസ്, അംഗങ്ങളായ ഇ.വി. അസീബ് റഹ്മാൻ, സലിം പെരിങ്ങോട് എന്നിവരുടെ നേതൃത്വത്തിൽ മണ്ണെടുപ്പ് നിർത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെയും കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാരവാഹികളെയും കണ്ട് പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. പ്രതിഷേധത്തിന് വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികളായ കെ.പി.എം. ഷെരീഫ്, ഷഹീർ ബാബു ചാലപ്പുറം, കെ. ഷംസുദ്ദീൻ, എം.കെ. ഹൈദർ, എം. നാരായണൻകുട്ടി, കെ. അജീഷ്, സുദീപ്, എം. മൊയ്തു, ജിഷാദ്, സിദ്ദീഖ്, സുലൈമാൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.