ആ കൈകളിൽ പിടിച്ചുകയറി ഒരു ജീവൻ...
text_fieldsപറളി തേനൂർ ചന്തു
പറളി: ഇറങ്ങാൻ ഒരുങ്ങിയതും ഓടിത്തുടങ്ങിയ ട്രെയിനിൽ ജീവൻവരെ നഷ്ടപ്പെടുമെന്ന അപകട സാഹചര്യത്തിൽ ഒരു സെക്കന്റുപോലും പാഴാക്കാതെ ഞൊടിയിടയിൽ ഇടപെട്ട് സ്ത്രീയെ രക്ഷിച്ച് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന റെയിൽവേ ജീവനക്കാരൻ ചന്തുവിന് ഒരു കാര്യമേ പറയാനുള്ളു, താൻ ‘മനുഷ്യത്വപരമായ കടമ നിറവേറ്റി’. എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ഗ്രേഡ്- 1 ജീവനക്കാരനായ പാലക്കാട് പറളി തേനൂർ കോട്ടായി റോഡ് വളയച്ചൻ മാരിയിൽ രാധാകൃഷ്ണൻ-മഹാലക്ഷ്മി ദമ്പതികളുടെ മകൻ ചന്തു എന്ന രാഘവനുണ്ണി (38) ആണ് ഒരു നിയോഗംപോലെ ദുരന്ത സാഹചര്യത്തിൽനിന്ന് യാത്രക്കാരിയെ രക്ഷിച്ചത്. 13 വർഷമായി റെയിൽവേയിൽ ജീവനക്കാരനായ ചന്തു ആഗസ്റ്റ് ഒമ്പതിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ജോലി സംബന്ധമായി എത്തിയതായിരുന്നു. രാത്രി 12.45ന് രാജ്യറാണി എക്സ് പ്രസിൽ നിന്ന് ഇറങ്ങവെ സ്ത്രീ ഇറങ്ങും മുമ്പെ വണ്ടി ഓടിത്തുടങ്ങി.
ഒരുകൈ ട്രെയിനിന്റെ വാതിൽപിടിയിലും ശരീരം പുറത്തുമായ സ്ത്രീയുടെ കാഴ്ച കണ്ടതും ചന്തു രണ്ടാമതൊന്ന് ആലോചിച്ചില്ല, ഓടിച്ചെന്ന് അവരെ വാരിയെടുത്ത് ട്രെയിനിൽനിന്നും പിടിത്തം വിടാൻ ആവശ്യപ്പെട്ടു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അവർ സ്ഥലം വിട്ടു. അവരെ കുറിച്ച് വിശദമായൊന്നും ചോദിച്ചില്ലെന്നും പണി ഉപകരണങ്ങൾ എടുത്ത് മടങ്ങി എന്നും ചന്തു പറയുമ്പോൾ കണ്ണുകളിൽ ആനന്ദ നിർവൃതി. സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാൻ മാത്രം ഒന്നും ചെയ്തില്ലെന്നും മാനുഷിക കടമ നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ചന്തു പറയുന്നു. ഭാര്യ രേഷ്മക്കും മകൾ അവനിക്കും അതിലേറെ സന്തോഷമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.