മഴ ദുർബലം; കടക്കെണിയിലും ഒന്നാം വിളയ്ക്കുള്ള പൊടിവിത തകൃതി
text_fieldsഒന്നാം വിള കൃഷിയറക്കുന്നതിനായി കുഴൽമന്ദത്ത് നിലമൊരുക്കുന്നു
പാലക്കാട്: പ്രതിസന്ധിക്കൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ കർഷകർ പ്രതീക്ഷയോടെ ഒന്നാം വിളയ്ക്ക് ഒരുക്കം തുടങ്ങി. താങ്ങുവിലയ്ക്ക് നെല്ലുസംഭരിച്ച സപ്ലൈകോ കഴിഞ്ഞ സീസണിലെ പണം ഇതുവരെയും കൊടുത്തുതീർത്തിട്ടില്ല. പണം ലഭിക്കാതെ കടക്കെണിയിൽ കുടുങ്ങികിടക്കുമ്പോഴാണ് വയലുകളിൽ ഒന്നാം വിളയ്ക്കുള്ള ഒരുക്കങ്ങൾ പതിവുപോലെ ആരംഭിച്ചത്.
ജില്ലയിൽ ഒന്നാം വിള സാധാരണ പൊടിവിത നടത്തിയാണ് കൃഷിയിറക്കുന്നത്. വിഷു കഴിഞ്ഞ ഉടനെ കാലാവസ്ഥ അനുകുലമായാൽ കർഷകർ പാടങ്ങളിൽ കൃഷിപ്പണികൾക്ക് തുടക്കം കുറിക്കുന്നത് പതിവാണ്. വേനൽമഴ ഈ പ്രാവശ്യം ജില്ലയിലെ പലയിടത്തും വ്യത്യസ്ത തോതിൽ ലഭിച്ചതിനാൽ കർഷകർക്ക് ഏകീകരിച്ച് വിളയിറക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ട്. കാലവർഷത്തിന് മുന്നോടിയായി കഴിഞ്ഞയാഴ്ചയോടെ പലയിടത്തും വേനൽമഴ ശക്തമായി ലഭിച്ചതോടെ പൊടിവിത ഉപേക്ഷിച്ച് ഞാറ്റടി ഒരുക്കേണ്ടി വരുമെന്നാണ് ഭൂരിഭാഗം കർഷകരും പ്രതിക്ഷിച്ചത്. എന്നാൽ, മഴ വിട്ടുനിന്നതിനാൽ വയലുകളിലെ ഈർപ്പം കുറഞ്ഞതോടെ പൊടിവിത നടത്തിയാണ് ഒന്നാം വിളയിറക്കുന്നത്. ഞാറ്റടി തയാറാക്കി ഞാറ് പറിച്ച് നടന്നുത് കൃഷിച്ചെലവ് ഇരട്ടിപ്പിക്കും. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി ഒന്നാം വിളക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവസവു കാലാവധിയാണുള്ളത്. ഒന്നാം വിളയിൽ മഴലഭ്യത കുടൂതൽ ലഭിക്കുന്നതിനാൽ ചെടികൾ മഴയത്ത് വീഴാതെ നിൽക്കുന്ന വിത്തുകളാണ് കർഷകർ തെരഞ്ഞടുക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒന്നാം വിള ശരാശരി 26000 മുതൽ 30,000 ഹെക്ടർ വരെ സ്ഥലത്ത് കൃഷിയറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

