പാലക്കാട്ട് ക്ലൈമാക്സിൽ രമേഷ് പിഷാരടി
text_fieldsരമേഷ് പിഷാരടി
പാലക്കാട്: ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി യു.ഡി.എഫ്. ആകാംക്ഷയും ആശങ്കയും നിറഞ്ഞ ആദ്യ മണിക്കൂറുകൾക്ക് ശേഷം വോട്ടെണ്ണലിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ആധിപത്യം പുലർത്തിയാണ് രമേഷ് പിഷാരടി മണ്ഡലം നിലനിർത്തിയത്. 2021ൽ ഷാഫി പറമ്പിൽ 54,079 വോട്ടും 2024ലെ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ 58,389 വോട്ടും നേടിയാണ് വിജയിച്ചിരുന്നത്.
ഇക്കുറി മണ്ഡലത്തിൽ ആകെ പോൾ ചെയ്ത 1,45,083 വോട്ടിൽ 62,199 വോട്ട് നേടിയാണ് രമേഷ് പിഷാരടിയുടെ വിജയം. 49,052 വോട്ട് നേടി ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ രണ്ടാമതെത്തി. 13,147 വോട്ടിന്‍റെ ഭൂരിപക്ഷം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പി. സരിൻ 37,293 വോട്ട് നേടിയപ്പോൾ നിലവിലെ സ്ഥാനാർഥി എൻ.എം.ആർ. റസാക്കിന് 33,931 വോട്ടുകളേ നേടാനായുള്ളൂ. നില മെച്ചപ്പെടുത്താനോ മൂന്നാം സ്ഥാനത്തുനിന്ന് മുന്നേറാനോ എൽ.ഡി.എഫിന് സാധിച്ചില്ല.
രാഷ്ട്രീയ പാരമ്പര്യമില്ലാത്ത, കോൺഗ്രസ് സഹയാത്രികനും നടനുമായ രമേഷ് പിഷാരടിയെ സ്ഥാനാർഥിയായി യു.ഡി.എഫ് രംഗത്തിറക്കിയപ്പോൾ ഒമ്പത് തവണ മത്സരിച്ച് തഴമ്പുള്ള ശോഭ സുരേന്ദ്രനെയാണ് ബി.ജെ.പി എതിരാളിയാക്കിയത്. തുടക്കം മുതൽ ആക്രമണ ശൈലിയിൽ പ്രചാരണം നടത്തിയ ശോഭക്ക് പക്ഷേ, വോട്ടെടുപ്പിന് മുമ്പ് അടിതെറ്റി. വോട്ടിന് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം വീഡിയോ തെളിവ് സഹിതം കോൺഗ്രസ് പുറത്തുവിട്ടത് കനത്ത തിരിച്ചടിയായി. സി.പി.എം-ബി.ജെ.പി ഡീൽ ആരോപണം, രമേഷ് പിഷാരടിയെ ബി.ജെ.പി വനിത കൗൺസിലർ വഴി തടഞ്ഞത് തുടങ്ങിയ വിവാദങ്ങളും പ്രതികൂലമായി.
ആദ്യ റൗണ്ടുകളിൽ പാലക്കാട് നഗരസഭയിലെ വോട്ടുകൾ എണ്ണിയപ്പോൾ ശോഭ ലീഡ് ചെയ്തെങ്കിലും ആറാം റൗണ്ടോടെ നില മാറിമറിഞ്ഞു. പഞ്ചായത്തുകൾ എണ്ണാൻ തുടങ്ങിയതോടെ രമേഷ് പിഷാരടിയുടെ ലീഡ് വർധിച്ചു. പിന്നീട് ഒരു ഘട്ടത്തിലും പിന്നോട്ട് പോയില്ല. എൽ.ഡി.എഫിന്‍റെ എൻ.എം.ആർ. റസാക്ക് പ്രചാരണരംഗത്ത് നിറഞ്ഞുനിന്നിരുന്നെങ്കിലും വോട്ട് നില ഉയർത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

