നെല്ലിയാമ്പതിയിൽ കാണാം, കൂട്ടപ്പോര്
text_fieldsനെല്ലിയാമ്പതി: തോട്ടം തൊഴിലാളികളും പട്ടികവർഗ -പിന്നാക്ക വിഭാഗങ്ങളും നിർണായക ശക്തിയാകുന്ന നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിൽ ഇത്തവണ രാഷ്ട്രിയ മുന്നണികൾ തമ്മിൽ ശക്തമായ മൽസരത്തിന് സാധ്യതയേറെ. ആകെയുള്ള 13 വാർഡുകളിൽ മേൽക്കൈ നേടി യു.ഡി.എഫ് ആണ് ഭരിക്കുന്നത്. കോൺഗ്രസിന് അഞ്ചും ആർ.എസ്.പിക്ക് രണ്ടും അടക്കം ഏഴ് സീറ്റുകളാണ് യു.ഡി.എഫിനുള്ളത്. പ്രതിപക്ഷത്ത് എൽ.ഡി.എഫിൽ സി.പി.എമ്മിന്‍റെ അഞ്ച് അംഗങ്ങളാണുള്ളത്.
ബി.ജെ.പിക്ക് ഒരംഗവും ഉണ്ട്. കോൺഗ്രസിലെ പ്രിൻസ് ജോസഫ് പ്രസിഡൻറും ആർ.എസ്.പിയിലെ യു.മീനു വൈസ് പ്രസിഡൻറുമാണ്. തോട്ടംമേഖലയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുണ്ടാക്കിയ എ.ചിന്നപ്പയെപ്പോലുള്ള കോൺഗ്രസ് നേതാക്കളാണ് നെല്ലിയാമ്പതിയിൽ പതിറ്റാണ്ടുകൾ നീണ്ട യു.ഡി.എഫ് ഭരണത്തിന് അടിത്തറ പാകിയത്. എന്നാൽ രണ്ടായിരത്തിന്‍റെ തുടക്കത്തിൽ ഇടതുപക്ഷം ഭരണം പിടിക്കുകയും രണ്ടു പതിറ്റാണ്ടുകാലം സമ്പൂർണാധിപത്യം നേടുകയും ചെയ്തു. 2020ൽ ഘടകകക്ഷിയായ ആർ.എസ്.പിയുടെ കരുത്തിൽ യു.ഡി.എഫ് ഭരണം തിരിച്ചു പിടിക്കുകയായിരുന്നു. 2015ൽ തോട്ടം മേഖലയിൽ ഏക സീറ്റോടെ അക്കൗണ്ട് തുറന്ന ബി.ജെ.പി 2020ലും നേട്ടം കൊയ്തു.
യു.ഡി.എഫ് ഭരണത്തിന്‍റെ പോരായ്മകളും അഴിമതിയും ആരോപിച്ചാണ് എൽ.ഡി.എഫ് ഭരണം തിരിച്ചു പിടിക്കുമെന്ന് അവകാശപ്പെടുന്നത്. എന്നാൽ ഭരണ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി ഭരണത്തുടർച്ചക്ക് യു.ഡി.എഫ് രംഗത്തുണ്ട്. ഒരംഗം മാത്രമുള്ള ബി.ജെ.പി മുന്നണി കൂടുതൽ സീറ്റുകൾക്കായി തോട്ടം മേഖലയിൽ പരിശ്രമിക്കുന്നുണ്ട്. മുന്നണികളിലെ കക്ഷികൾക്കിടയിലെ ഭിന്നതകൾ തെരെഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാനിടയുണ്ട്. ഈ വർഷം ഒരു വാർഡ് വർധിച്ചതോടെ പഞ്ചായത്തിലെ മൊത്തം വാർഡുകൾ 14 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

