കരിനെല്ലിക്ക അച്ചാറിൽ വിജയഗാഥയുമായി മിനു കോശി
text_fieldsമിനു കോശി
പാലക്കാട്: ഇന്ത്യയിലാദ്യമായി കരിനെല്ലിക്ക അച്ചാർ തയാറാക്കി വിപണിയിലെത്തിച്ച് വിജയഗാഥ രചിച്ച് യുവതി. വാണിയമ്പാറ കല്ലിങ്കൽപാടം സ്വദേശിനി മിനു കോശിയാണ് വ്യത്യസ്തമായ ആശയം യാഥാർഥ്യമാക്കി സംരംഭകയായത്. രണ്ട് വർഷം മുമ്പാണ് മിനു മമ്മാസ് പിക്കിൾ എന്ന പേരിൽ കരിനെല്ലിക്ക അച്ചാർ നിർമാണം തുടങ്ങിയത്. അധ്യാപികയായിരുന്ന മിനുവിന് വിവാഹശേഷം ഗർഭിണിയായതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു.
വെറുതെയിരിക്കാതെ സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന ആഗ്രഹത്തിൽ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന ആലോചനയിലാണ് കരിനെല്ലിക്ക അച്ചാർ എന്ന ആശയം ഉദിച്ചത്. വീട്ടിൽ ഭർത്താവിന്റെ അമ്മ കരിനെല്ലിക്ക അച്ചാർ ഇടുമായിരുന്നു.
അഞ്ചു കിലോ നെല്ലിക്കയിലാണ് മിനു അച്ചാർ ഇടാൻ തുടങ്ങിയത്. ഇപ്പോൾ 50 കിലോ വരെ അച്ചാർ ഇടും. തുടക്കത്തിൽ തന്നെ വളരെ നല്ല അഭിപ്രായം ലഭിച്ചതോടെ ആത്മവിശ്വാസമായി. മൺകലത്തിൽ വിറക് അടുപ്പിൽ വെച്ച് തയാറാക്കുന്നതിനാൽ രുചിയും ഗുണമേന്മയും ഒത്തുവന്നതോടെ വിപണനവും വർധിച്ചു.
നെല്ലിക്ക, പച്ചക്കുരുമുളക്, കാന്താരി മുളക്, കറിവേപ്പില എന്നിവ രണ്ട് അടുക്കുകളായി കലത്തിൽവെച്ച് കല്ലുപ്പും വെള്ളവും മിനുവിന്റെ മാത്രം സ്പെഷൽ കൂട്ടുകളും ചേർത്തശേഷം വെള്ളത്തുണി കൊണ്ട് കലത്തിന്റെ വായമൂടി കെട്ടിയാണ് അടുപ്പിൽ വെക്കുക. കരിനെല്ലിക്ക അച്ചാർ ഉണ്ടാക്കുന്നതിന് അതീവ ശ്രദ്ധയും ക്ഷമയും ആവശ്യമാണെന്ന് മിനു പറയുന്നു.
28 ദിവസം രണ്ടുനേരം ചൂടാക്കിയാണ് അച്ചാറിന് പരുവമാക്കിയെടുക്കുന്നത്. ഇത്രയും ദിവസം കൊണ്ട് ചേരുവകളെല്ലാം കൂടിക്കലർന്ന് കറുത്തനിറത്തിൽ പാകമാകും. ശേഷമാണ് അച്ചാറിടുക. അച്ചാർ തയാറാക്കുന്നതും മാർക്കറ്റിങ്ങും ഉൾപ്പെടെ എല്ലാം മിനു തന്നെയാണ് ചെയ്യുന്നത്. ധാരാളം ഓർഡറുകൾ വരാറുണ്ടെന്ന് മിനു പറയുന്നു. കരിനെല്ലിക്ക അച്ചാർ ഉപയോഗിക്കുന്നതിലൂടെ ഗുണങ്ങളും ഏറെയാണ്.
വിറ്റമിൻ എ, വിറ്റമിൻ സി, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കരിനെല്ലിക്ക അച്ചാർ സഹായിക്കുന്നു. ശരീരത്തിലെ ഇൻസുലിന്റെ ഉൽപാദനം വർധിപ്പിച്ച് ബ്ലഡ് ഷുഗർ അളവ് കുറക്കാൻ സഹായിക്കുന്നു. കൂടാതെ മുടി സംരക്ഷണത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും കരിനെല്ലിക്ക അച്ചാർ സഹായിക്കുമെന്ന് മിനു പറഞ്ഞു.
നെല്ലിക്ക ഉൾപ്പെടെ അച്ചാറിടാനുള്ള സാധനങ്ങളെല്ലാം നാടൻ ആണ് ഉപയോഗിക്കുന്നത്. 50 കിലോ നെല്ലിക്ക അച്ചാറിട്ടാൽ 23 കിലോ വരെയാണ് ലഭിക്കുക. കേടുവരാതിരിക്കാൻ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർക്കാറില്ലെന്ന് മിനു പറഞ്ഞു.
28 ദിവസം രണ്ട് നേരം ചൂടാക്കുന്നതിനാൽ ഒരുവർഷം വരെ കേടുവരാതിരിക്കും. എങ്കിലും ആറുമാസത്തെ എക്സ്പയറി ഡേറ്റ് വെച്ചാണ് വിപണിയിലെത്തിക്കുന്നത്. 200 ഗ്രാം അച്ചാറിന് 400 രൂപയും 400 ഗ്രാമിന് 800 രൂപയുമാണ് വില. ഓർഡർ അനുസരിച്ച് കേരളത്തിനകത്തും പുറത്തും അയക്കാറുണ്ട്. കേരളത്തിന് പുറത്തുനിന്നാണ് കൂടുതൽ ആവശ്യക്കാരുള്ളതെന്നും മിനു പറയുന്നു. മിനു മമ്മാസ് പിക്കിൾ എന്ന ഫേസ്ബുക്ക് പേജിലൂടെയും കരിനെല്ലിക്ക എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയുമാണ് മാർക്കറ്റിങ്. മിനുവിന്റെ സംരംഭത്തിന് ഭർത്താവ് സജിൻ ജോർജിന്റെ പൂർണ പിന്തുണയുണ്ട്. നാലുവയസ്സുകാരായ അബ്രാം, ഇവ, ഒരു വയസ്സുള്ള നോയ എന്നിവരാണ് മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.