നാടിനെ ‘കാടാക്കി’ കാട്ടാനകൾ...
text_fieldsജനവാസ മേഖലയിലെത്തിയ കാട്ടാനകളെ ശുക്രിയാൽ തടയണ വഴി വനം വകുപ്പ് കാട്ടിലേക്ക് തിരിച്ചു കയറ്റിയപ്പോൾ
മുതലമട: കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിൽ എത്തിയത് വനംവകുപ്പിനും നാട്ടുകാർക്കും ദുരിതമായി. കളിയമ്പാറ, വേലങ്കാട്, പറയമ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്. ദ്രുത കർമസേന സജീവമായി രംഗത്തിറങ്ങി നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആനക്കൂട്ടത്തെ വനാന്തരത്തിൽ എത്തിച്ചു.
കഴിഞ്ഞ ഒരുമാസമായി തെന്മലയോര പ്രദേശത്ത് കാട്ടാനകളുടെ വരവ് വർധിച്ചു. ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകൾ പമ്പ് സെറ്റ്, ജലസേചന പൈപ്പുകൾ, കാവൽ ഷെഡുകൾ എന്നിവയും കൃഷിയിടങ്ങളിലെത്തി മാവ്, തെങ്ങ്, നെല്ല്, കവുങ്ങ് തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് വ്യാപകമായി. ചപ്പക്കാട് മുതൽ എലവഞ്ചേരി അടിവാരം വരെയുള്ള പ്രദേശങ്ങളിൽ കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തുടരുകയാണ്.
നിലവിൽ 26ലധികം കാട്ടാനകളാണ് ചെമ്മണാമ്പതി മുതൽ എലവഞ്ചേരി അടിവാരം വരെയുള്ള പ്രദേശത്തുള്ളത്. ഇതിൽ ഏഴ് കുട്ടികളുമുണ്ട്. വളരെ ചെറിയ രണ്ട് ആന കുട്ടികളും ഈ കൂട്ടത്തിലുണ്ട്. കുട്ടികൾ ഉള്ള കൂട്ടത്തെ വിരട്ടിയോടിക്കാൻ പ്രയാസപ്പെടുകയാണ് വനം വകുപ്പ്. കാട്ടാനകളെ വിരട്ടാൻ കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ.സി. ഷനൂപ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.