കെ.ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ‘സർക്കാർ ഏറ്റെടുക്കണം’
text_fieldsതൃത്താല: എഴു പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഡോ. കെ.ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സര്ക്കാര് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലുള്ള സംരക്ഷണസമിതിയുടെ ആവശ്യത്തിന് അധികൃതർ ചെവികൊടുക്കുന്നില്ല.
തൃത്താലയില് 1953ൽ ഡോ. കെ.ബി മേനോൻ സ്ഥാപിച്ച വിദ്യാലയമാണിത്. പഠന നിലവാരത്തിനൊപ്പം കല, കായികം എന്നീ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്ന വിദ്യാലയം കൂടിയാണിത്. ഒരു കാലത്ത് 3000 ഓളം വിദ്യാർഥികളുണ്ടായിരുന്നു. ഇന്ന് നാശത്തിന്റെ വക്കിലാണ്. കേവലം 800ൽ പരം വിദ്യാർഥികൾ മാത്രമാണ് ഇന്നുള്ളത്.
ആദ്യകാലത്ത് സേവന സന്നദ്ധരായ ചില പൗര പ്രമുഖർ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന സ്കൂൾ പിന്നീട് സൊസൈറ്റിക്ക് കീഴിലേക്ക് മാറി. കാലാന്തരങ്ങളിൽ അനർഹരായ പലരും സൊസൈറ്റിയിൽ കയറിക്കൂടുകയും വിദ്യാഭ്യാസ കച്ചവടത്തിന് അവസരമാക്കിയെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച തർക്കങ്ങൾ ഭിന്നതയിലേക്കും കോടതിയിലേക്കും നീണ്ടു. ഇത് വിദ്യാലയത്തിന്റെ നാശത്തിന് വഴിതുറന്നു.
2022 ൽ ജില്ല വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിലും വിചാരണകളിൽ നിന്നും എം.ജി ഗോപാലൻ എന്ന ഒരാൾ ഒഴിച്ചുള്ള ആർക്കും ഈ സൊസൈറ്റിയിൽ അംഗത്വമില്ലെന്ന് കണ്ടെത്തി. ഡോ. എം ജി ഗോപാലൻ ഈയിടെ അന്തരിച്ചു. ആയതിനാൽ സൊസൈറ്റിയിൽ നിലവിൽ ഒരംഗവുമില്ലാത്ത സ്ഥിതിക്ക് ഈ സൊസൈറ്റി ഇല്ലാതായി. മൂന്നു വർഷം മുമ്പ് അന്ന് സ്പീക്കറായിരുന്ന എം.ബി രാജേഷ്, വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിപെടുത്തി സ്കൂൾ ജില്ലാ പഞ്ചായത്ത് താൽക്കാലികമായി ഏറ്റെടുക്കാൻ ധാരണ രൂപപ്പെടുത്തിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ തുടർനടപടികളുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ ഏറ്റെടുക്കാൻ നടപടിയായിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. പൊതുവിദ്യാഭ്യാസ വികസനത്തിലൂടെ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും മെച്ചപ്പെട്ട നിലയിലേക്ക് ഉയരുമ്പോൾ ഏറെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാശത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്.
വർഷങ്ങളായി സ്കൂളിന്റെ അറ്റകുറ്റ പണികൾ നടത്താത്തതിനാൽ നിലവിലെ കെട്ടിടങ്ങളും നാശത്തിന്റെ വക്കിലാണ്. വർഷങ്ങൾക്കു മുമ്പ് പണി ആരംഭിച്ച കെട്ടിടം, നശിച്ചു തുടങ്ങിയ ലക്ഷക്കണക്കിന് വിലയുള്ള നിർമാണ സാമഗ്രികളും പരിസരത്ത് നോക്കുകുത്തിയായി കിടക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.