പച്ച ചക്ക കയറ്റുമതിയിൽ വർധന; കർഷകർക്ക് നല്ലകാലം
text_fieldsവടക്കഞ്ചേരി: ജില്ലയിലെ നാട്ടിൻപുറങ്ങളിലും മലയോരമേഖലയിലും ചക്ക കായ്ച്ചു തുടങ്ങിയതോടെ ചക്ക വിപണിയും സജീവമായി. മൂപ്പ് എത്താത്ത ചക്കക്കാണ് കച്ചവടക്കാർ നാട്ടിൻപുറങ്ങളിൽ എത്തുന്നത്. രണ്ട് കിലോയോളം വലിപ്പം വരുന്ന ഇടിച്ചക്ക പരുവത്തിലുള്ള ചക്കക്ക് കിലോക്ക് 10 രൂപ കണക്കാക്കിയാണ് വ്യാപാരികൾ ചക്ക വാങ്ങുന്നത്. വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കൂട്ടി നൽകുന്നുണ്ട്. കച്ചവടക്കാർ തന്നെ ചക്ക മരങ്ങളിൽ കയറി വെട്ടിയിറക്കും. വലിപ്പത്തിനനുസരിച്ച് വില പറഞ്ഞാണ് കൊണ്ടുപോകുന്നത്.
പ്ലാവ് ഉടമകൾക്ക് പ്രത്യേക അധ്വാനമോ കരുതലോ ഇല്ലാതെ ലഭിക്കുന്ന ആദായമായതിനാൽ വ്യാപാരികൾ പറയുന്ന വിലക്ക് വീട്ടുകാർ ചക്ക നൽകുകയാണ്. പൂർണവളർച്ചയെത്താത്ത ഏതു ഇനം ചക്കയും ഇവർ സംഭരിക്കുന്നുണ്ട്. ഇതുമൂലം മധുരം ഇല്ലാത്തവ, കുഴച്ചക്ക, വരിക്ക, തുടങ്ങി പഴത്തിന് ഉപയോഗിക്കാൻ പറ്റാത്ത ചക്കക്കുവരെ ആവശ്യക്കാരായി. പ്ലാവ് ഉള്ളവർക്ക് ഇതുമൂലം പറിക്കാൻ ആളെ അന്വേഷിക്കുകയോ കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മയിൽ, കാക്ക തുടങ്ങിയവ മൂലം ഉണ്ടാകുന്ന ശല്യവും പച്ചച്ചക്ക പറിച്ചു നീക്കുന്നതോടെ ഒഴിയുന്നുണ്ടെന്നും മലയോരമേഖലയിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ മൂലമുള്ള നാശത്തിനും ഒരു പരിധിവരെ പരിഹാരമാകുന്നുണ്ടെന്ന് കർഷകർ പറയുന്നു.
നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിലെ ഇടിച്ചക്കയുടെ ആവശ്യം കഴിഞ്ഞാൽ, കന്നുകാലികൾക്ക് തീറ്റയാക്കി വെട്ടി കൊടുക്കാറാണ് പതിവ്. വലിയ മരങ്ങളിൽ കയറി പഴുക്കാറായ ചക്ക കേടുകൂടാതെ താഴെയിറക്കാനും കൂടുതൽ അധ്വാനം വരുന്നതിനാൽ മിക്കയിടത്തും അണ്ണനും മയിലും മറ്റം കൊത്തി തിന്നും ചക്ക പാഴാവുകയാണ് ചെയ്തിരുന്നത്. മുൻകാലങ്ങളിൽ പഴുത്ത ചക്ക മാത്രമാണ് വ്യാപാരികൾ അയൽ സംസ്ഥാനത് വിപണി ലക്ഷ്യമാക്കി കൊണ്ടുപോവുക, ഈ അവസ്ഥക്കാണ് മാറ്റം ഉണ്ടായത്.
പെട്ടി ഓട്ടോറിക്ഷ പോലെയുള്ള ചെറു വാഹനങ്ങളിൽ മരം കയറുന്ന ആളെയും കൂട്ടിയാണ് നാട്ടിൻപുറങ്ങളിൽ പച്ച ചക്കക്കായി വ്യാപാരികൾ എത്തുന്നത്. ഒന്നോ രണ്ടോ മണിക്കൂറുകൾക്കകം ഒരു വണ്ടി ചക്ക ലഭിക്കുന്ന സ്ഥിതിയാണ് മിക്കയിടത്തും. പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് വ്യാപാരികൾ ചക്ക സംഭരിക്കുന്നത്. തീരെ ചെറിയ ചക്കകൾ മരത്തിൽ തന്നെ നിർത്തി ആഴ്ചകൾക്ക് ശേഷം വീണ്ടും വന്നു സംഭരിക്കുന്നുമുണ്ട്.
വടക്കഞ്ചേരി കേന്ദ്രമായുള്ള മൊത്ത കച്ചവടക്കാർക്ക് പ്രാദേശികമായി സംഭരിക്കുന്ന ചക്കകൾ ചെറുകിട വ്യാപാരികൾ വൈബ്രിഡ്ജ് തൂക്കത്തിനാണ് നൽകുന്നത്. വടക്കഞ്ചേരിയിൽ നിന്ന് ദിവസവും മൂന്നും നാലും ലോറി ചക്കയാണ് തമിഴ്നാട് ഉൾപ്പെടെ, പുണെ, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. പഴുക്കാത്ത പച്ച ചക്ക പൊടിച്ച് ഉണക്കപ്പൊടിയായും, ചില ഭക്ഷ്യ പദാർഥങ്ങളിലേക്കും പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു.
എന്തായാലും വീട്ടാവശ്യം കഴിഞ്ഞ് ബാക്കി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന 50 ശതമാനം നാടൻ ചക്കയും പാഴായി പോകുന്നതിൽനിന്ന് ചെറിയ ആദായവും ഗ്രാമീണ മേഖലക്ക് ഇതുമൂലം ലഭിക്കുന്നുണ്ട്.
അഞ്ചു വർഷങ്ങളായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പച്ച ചക്കയുടെ ആവശ്യം അധികരിച്ചത് ഗ്രാമീണമേഖലയിലും ചെറുകിട കച്ചവടക്കാർക്കും നേട്ടമായി. ചെറുകിട വ്യാപാരികളിൽനിന്ന് സംഭരിച്ച് കൊണ്ടുപോവുന്ന വൻകിട വ്യാപാരികൾക്ക് ഇതരസംസ്ഥാനങ്ങളിലെ വിലയിടിവു മൂലവും പലപ്പോഴും നഷ്ടത്തിലാണ് കച്ചവടം നടത്തുന്നതെന്ന് വടക്കഞ്ചേരിയിലെ മൊത്തവ്യാപാരിയായ വി.എസ്.ഷാഹുൽ ഹമീദ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.