കാടിറങ്ങുന്ന ക്രൂരത; ഭീതിവിതച്ച് കാട്ടാനകളും പുലിയും; ജനം ആശങ്കയിൽ
text_fields1. മുതലമട പറയമ്പള്ളത്ത് ഹരിദാസ് ചുവട്ടുപാടത്തിന്റെ നെല്കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ 2. നെന്മാറ പോക്കാമട പ്രദേശത്ത് ജനവാസ മേഖലയിൽ മരത്തിൽ കണ്ടെത്തിയ പുലി
കൊല്ലങ്കോട്: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി നെന്മാറയും മുതലമടയും. നെന്മാറയിൽ പുലിയും മുതലമടയിൽ കാട്ടാനകളുമാണ് ജനവാസ മേഖലയിലെത്തി ഭീതിപരത്തുന്നത്. മുതലമട പറയമ്പള്ളത്ത് ഹരിദാസ് ചുവട്ടുപ്പാടത്തിന്റെ കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാത്രി കാട്ടാനകൾ കൂട്ടമായിറങ്ങി കൊയ്ത്തിന് തയാറായ നെൽപ്പാടം നശിപ്പിച്ചു. നെന്മാറ അളുവശേരി പോക്കാമടക്ക് സമീപം ജനവാസ മേഖലയിലാണ് പുലിയെയും രണ്ട് കുട്ടികളെയും കണ്ടത്. ജനങ്ങൾ തിങ്ങിവസിക്കുന്ന പ്രദേശത്താണ് ചൊവ്വാഴ്ച രാവിലെ പ്രദേശവാസികൾ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നെല്ലിയാമ്പതി വനമേഖലയോട് ചേർന്ന ആവനാട് കുന്നിന് സമീപമുള്ള പോക്കാമട കുന്നിന് താഴെയാണ് പുലിയെ ആദ്യം കണ്ടത്. അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് രണ്ട് പുലിക്കുട്ടികളെ മരത്തിൽ കണ്ടത്. വലിയ പുലിയെയും പ്രദേശവാസികൾ കണ്ടതോടെ ജനം ഭീതിയിലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പടക്കം പൊട്ടിച്ച് പുലിയെയും കുട്ടികളെയും വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. മുതലമട പറയമ്പള്ളത്ത് കണ്ടെത്തിയ ആനകൾ കഴിഞ്ഞ ആഴ്ച മാത്തൂരിൽ കണ്ടെത്തിയതാണ് എന്ന് നാട്ടുകാർ പറഞ്ഞു. നാല് ആനകൾ അടങ്ങുന്ന കൂട്ടമാണ് വനം വകുപ്പ് സംഘം, ആർ.ആർടി എന്നിവ എത്ര പരിശ്രമിച്ചാലും ജനവാസമേഖലയിൽ വീണ്ടും തിരിച്ചെത്തി കൃഷി നശിപ്പിക്കുന്നത്. ദ്രുതകർമ സേനയെ ഉപയോഗിച്ച് ആനകളെ പറമ്പിക്കുളത്ത് എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നെന്മാറ പോക്കാമട ഭാഗത്ത് പുലിയെ നിരീക്ഷിക്കാൻ വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിലും കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കരിമ്പ മുണ്ടനാട് മലമ്പ്രദേശത്ത് തമ്പടിച്ച് കാട്ടാനകൾ
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയായ മുണ്ടനാട്ട് കാട്ടാനകൾ താവളമാക്കിയതോടെ ജനം ഭീതിയിൽ. ഈ സ്ഥലത്ത് കാട്ടാനകൾ പ്രതിദിനം നശിപ്പിക്കുന്നത് നൂറുകണക്കിന് ഫലവൃക്ഷങ്ങളാണ്. പകൽപോലും തോട്ടങ്ങളിൽ കാട്ടാന സാന്നിദ്ധ്യമുള്ളതിനാൽ തോട്ടം തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയാണ്. പ്രധാനമായും റബർ, തെങ്ങ്, കമുക് തുടങ്ങിയ വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.
താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശത്തെ തെങ്ങ്, കമുക് തുടങ്ങിയ വിളകൾ കാട്ടാനകൾ നശിപ്പിച്ച നിലയിലാണിപ്പോൾ. ചെറുകിട തോട്ടം ഉടമകൾ പലരും കാട്ടാന ശല്യംമൂലം കൃഷിയിടം ഉപേക്ഷിച്ചു. ഇരുട്ടാകുന്നതോടെ ആനകൾ മരുതുംകാട്, ചുള്ളിയാംകുളം, ഇടപ്പറമ്പ്, മൂന്നേക്കർ, പാങ്ങ് പ്രദേശങ്ങളിലേക്ക് കടന്ന് വ്യാപമായി കൃഷി നശിപ്പിക്കുകയാണ്. കൃഷിയിടങ്ങളിലെ സംരക്ഷണ ഭിത്തികൾ, അതിർത്തി കയ്യാലകൾ, ശുദ്ധജല സംഭരണികൾ തുടങ്ങിയവയും നശിപ്പിക്കുന്നുണ്ട്. രാത്രികാലത്ത് മരുതുംകാട്-മൂന്നേക്കർ റോഡിലൂടെയുള്ള യാത്രയും സാഹസം നിറഞ്ഞതായി. പ്രശ്നം അതീവ ഗുരുതരമായിട്ടും കാട്ടാനശല്യം തടയാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
കാട്ടാനകൾ വിള നശിപ്പിക്കുന്ന വിവരം അറിയിച്ചാൽ വനം വകുപ്പിന്റെ ആർ.ആർ.ടി സംഘം എത്തുമ്പോഴേക്കും ഇവ വൻതോതിൽ കൃഷിനാശം വരുത്തിയിട്ടുണ്ടാകുമെന്ന് കർഷകർ പറയുന്നു. നിലവിൽ കുട്ടിയാന ഉൾപ്പെടുന്ന കൂട്ടമാണ് മുണ്ടനാട് മേഖലയിൽ തമ്പടിച്ചിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. റബർ ബുള്ളറ്റ് ഉപയോഗിച്ച് ഇവയെ കാട് കയറ്റാൻ വനം വകുപ്പ് അധികൃതരുടെ അടിയന്തരമായ ഇടപെടലുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

