അച്ചൻകോവിലാറിന്റെ തീരം ഇടിയുന്നു
text_fieldsഅച്ചൻകോവിലാർ വലഞ്ചുഴി ഭാഗം നദിയിലേക്ക് ഇടിഞ്ഞ നിലയിൽ
പത്തനംതിട്ട: അച്ചൻകോവിലാറിന്റെ തീരം ഇടിയുന്നത് തീരവാസികളെ ആശങ്കയിലാക്കുന്നു. വലഞ്ചുഴി മുതൽ കല്ലറക്കടവുവരെയും പാറക്കടവ് ഭാഗങ്ങളിലുമാണ് തീരം ഇടിയുന്നത്. ഈ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾ അപകടഭീഷണിയിലാണ്. പലവീടുകളും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. തീരത്ത് താമസിക്കുന്ന മിക്ക കുടുംബങ്ങളുടെയും പുരയിടങ്ങൾ ആറ്റിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
അഞ്ചും ആറും സെന്റ് പുരയിടമുള്ള കുടുംബങ്ങളുടെ വസ്തുക്കൾ ഭൂരിഭാഗവും ഇടിഞ്ഞ അവസ്ഥയിലാണ്. പ്രമാടം, കുമ്പഴ, വലഞ്ചുഴി, കല്ലറക്കടവ്,അഴൂർ, കൊടുന്തറ തുടങ്ങി എല്ലാ സ്ഥലങ്ങളിലെയും നദീതീരം വെള്ളം കവർന്നിട്ടുണ്ട്. റവന്യൂ അധികാരികളോ സർക്കാർ പ്രതിനിധികളോ പ്രദേശങ്ങളിൽ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. മേജർ ഇറിഗേഷൻ വകുപ്പിന്റെ ഉൾപ്പെടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ ധരിപ്പിച്ചിട്ടും ഫലമില്ല.
മേജർ ഇറിഗേഷൻ വകുപ്പിൽ ആവശ്യത്തിനു ഫണ്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മഴക്കാലത്ത് തീരത്ത് താമസിക്കുന്നവർ വലിയ ദുരിതത്തിലാണ്. വെള്ളം ക്രമാതീതമായി ഉയരുന്ന സമയത്ത് ഭീതിയോടെയാണ് ഇവർ കഴിയുന്നത്. ചെന്നീർക്കര, തുമ്പമൺ താഴം, അമ്പലക്കടവ്, ഉളനാട്, കൈപ്പുഴ,ഭാഗങ്ങളിലും തീരമിടിച്ചിൽ രൂക്ഷമാണ്. ഭൂമി നഷ്ടപ്പെടുന്നത് കൂടാതെ തെങ്ങ്, കവുങ്ങ് ഉൾപ്പെടെ കാർഷിക വിളകളും നഷ്ടപ്പെടുന്നവരുണ്ട്.
വലഞ്ചുഴി പ്രദേശത്ത് നദീതീരസംരക്ഷണ റോഡ് വേണമെന്ന ആവശ്യം നേരത്തേ നഗരസഭ കൗൺസിലിലും ഉയർന്നിരുന്നു. കുമ്പഴ പാലത്തിന്റെ ഭാഗത്തുനിന്ന് നഗരസഭ ഭാഗത്തെ അച്ചൻകോവിലാറിന്റെ തീരം കെട്ടി സംരക്ഷിക്കുന്ന തരത്തിൽ എട്ടുമീറ്റർ വീതിയിൽ സംരക്ഷണഭിത്തി കെട്ടി റോഡ് നിർമിക്കണമെന്നായിരുന്നു ആവശ്യം.
തോണ്ടക്കടവ്, ഇല്ലത്തുകടവ്, ആശാൻകടവ്, വ്യാഴിക്കടവ്, പാമ്പൂരിപാറകടവ്, അരിപ്പാട്ട് കടവ്, കല്ലറക്കടവ്, മൂഴിക്കൽ കടവ് തുടങ്ങിയവയെ ബന്ധിപ്പിച്ച് പാറക്കടവ് ഭാഗത്ത് എത്തുന്ന തരത്തിൽ നദീതീര റോഡ് നിർമിക്കണമെന്നായിരുന്നു നിർദേശം.
ഇതിനെത്തുടർന്ന് ടൗൺ പ്ലാനർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. നദീസംരക്ഷണ റോഡ് വന്നാൽ, ഇടിഞ്ഞുകൊണ്ടിരിക്കുന്ന തീരംകെട്ടി സംരക്ഷിക്കാൻ കഴിയുന്നതിനൊപ്പം പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും കഴിയുമെന്ന് നഗരസഭ കൗൺസിലർ അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.