ചരിത്ര നേട്ടവുമായി അടൂര്‍ ജനറല്‍ ആശുപത്രി
text_fieldsഅടൂർ ജനറൽ ആശുപത്രി
അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേഡ്സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്കാന് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് മൂന്ന് ദേശീയ അംഗീകാരങ്ങള്‍ ഒരു ആശുപത്രിക്ക് ഒരുമിച്ച് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ജില്ലതല ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങളാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കി വരുന്നത്. മുഴുവന്‍ ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
എന്‍.ക്യു.എ.എസ്. 96.75 ശതമാനം സ്കോറും ലക്ഷ്യ വിഭാഗത്തില്‍ മറ്റേണിറ്റി ഓപറേഷന് തിയറ്ററിന് 99.53 ശതമാനം സ്കോറും ലേബര്‍ റൂമിന് 96.75 ശതമാനം സ്കോറും മുസ്കാന് 93.38 ശതമാനം സ്കോറും നേടിയാണ് അടൂര്‍ ജനറല്‍ ആശുപത്രി ചരിത്രനേട്ടം കൈവരിച്ചത്.
സര്‍വിസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്സ്, ഇന്‍പുട്ട്സ്, സപ്പോര്‍ട്ടിവ് സര്‍വിസസ്, ക്ലിനിക്കല്‍ സര്‍വിസസ്, ഇന്ഫെക്ഷന് കണ്ട്രോള്, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിന് മുകളില്‍ സ്കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേഡ്സ് (എന്‍.ക്യു.എ.എസ്), ലക്ഷ്യ, മുസ്കാന് അംഗീകാരങ്ങള്‍ നല്‍കുന്നത്.
ഈ സര്‍ക്കാറിന്റെ കാലത്ത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മദര്‍ ആൻഡ് ചൈല്‍ഡ് ബ്ലോക്ക് നിർമാണത്തിനായി 13 കോടി രൂപ അനുവദിച്ചു. പുതിയ ആശുപത്രി കെട്ടിടത്തിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.81 കോടി അനുവദിച്ചു.
അതിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ ഒ.പി നവീകരണത്തിനായി 1.14 കോടി രൂപ അനുവദിച്ച് ഒന്നാം ഘട്ട നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും രണ്ടാംഘട്ടത്തിന്റെ പ്രാരംഭ നടപടികള്‍ പുരോഗമിച്ചുവരുകയും ചെയ്യുന്നു. ഒരുകോടി രൂപ ചെലവഴിച്ച് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം പൂര്‍ത്തീകരിച്ചു. 32.91 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പീഡിയാട്രിക് ഐ.സി.യു എച്ച്.ഡി.യു വാര്‍ഡ്, 29.79 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച എസ്.എൻ.സി.യു എന്നിവയും വികസന നേട്ടങ്ങളാണ്.
ദിവസവും 1500 മുതല്‍ 1700 പേര് വരെയാണ് ഒ.പിയില്‍ എത്തുന്നത്. 300 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഡയാലിസിസ് യൂനിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്പത്തി അഞ്ചോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ അഞ്ച് കിടക്കകളുള്ള പാലിയേറ്റിവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്.
ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കാൻ ജില്ല, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകള്‍ക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.