പെരുമാറ്റച്ചട്ടം തലക്കുമീതെ; ത്രിശങ്കുവിൽ സ്കൂൾ കെട്ടിടങ്ങൾ
text_fieldsപത്തനംതിട്ട: എസ്.എസ്.എൽ.സി, പ്ലസ് ടു ഫലങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി വരുകയും പുതിയ അധ്യയന വർഷത്തിന് ഒരുങ്ങുകയും ചെയ്യേണ്ട അവസരത്തിൽ സംസ്ഥാനമെങ്ങും സർക്കാർ സ്കൂളുകളുടെ കെട്ടിട നിർമാണവും അറ്റകുറ്റപ്പണിയും മുടങ്ങി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിർമാണം തടസ്സപ്പെടുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ പെരുമാറ്റച്ചട്ടം നിലനിൽക്കും. ജൂൺ നാലിന് വോട്ടെണ്ണലും കഴിഞ്ഞു മാത്രമേ പെരുമാറ്റച്ചട്ടം ഒഴിവാകുകയുള്ളൂ. മധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും. അതിനു മുമ്പ് സ്കൂളുകളുടെ അറ്റകുറ്റപ്പണിയും നിർമാണവും പൂർത്തിയാക്കേണ്ടതുണ്ട്.
എന്നാൽ, പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ബന്ധപ്പെട്ട വകുപ്പിന് നിർമാണാനുമതി നൽകാനാകുന്നില്ല. കേരളത്തിൽ ലോക്സഭ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും രാജ്യത്ത് ജൂൺ ഒന്നുവരെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ നടക്കുകയാണ്. സ്കൂളുകൾ പോളിങ് ബൂത്തുകളായതിനാൽ നിർമാണം തെരഞ്ഞെടുപ്പ് കമീഷൻ വിലക്കുകയും ചെയ്തതാണ്. സ്കൂളുകളുടെ അറ്റകുറ്റപ്പണിയുടേതടക്കം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം
സർക്കാർ മേഖലയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളുടെ അറ്റകുറ്റപ്പണിയും കെട്ടിട നിർമാണവും നടത്തുന്നത് ജില്ല പഞ്ചായത്താണ്. പ്രൈമറി സ്കൂളുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും അതത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ് നടക്കേണ്ടത്. ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 21 സ്കൂളുകളുടെ നിർമാണത്തിന് ജില്ല പഞ്ചായത്ത് ടെൻഡർ നടപടിയിലേക്ക് കടക്കാൻ തയാറാണെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ പറഞ്ഞു.
എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല. റാന്നി, കോന്നി, കലഞ്ഞൂർ, തണ്ണിത്തോട്, പ്രമാടം, കടമ്പനാട്, നിരണം തുടങ്ങി വിവിധ മേഖലകളിൽ എൽ.പി, യു.പി സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പുതിയ അധ്യയന വർഷത്തിന് മുമ്പ് പൂർത്തിയാകാൻ സാധ്യതയില്ല. 14 എൽ.പി, യു.പി സ്കൂളുകളുടെ കെട്ടിട നിർമാണം നടന്നുവരുന്നുണ്ട്. ഇവയിൽ ഏറെയും പണി നിലച്ചവയാണ്. ഫണ്ട് ലഭിക്കാത്തതിനാൽ കലഞ്ഞൂർ ഗവ. എൽ.പി.എസ്, കോന്നി, കടമ്പനാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം മുടങ്ങി. കലഞ്ഞൂരിൽ കോൺക്രീറ്റിങ് കഴിഞ്ഞപ്പോൾ പണിനിലച്ചു.
സാമ്പത്തിക പ്രതിസന്ധിയും കൂട്ടിന്
പെരുമാറ്റച്ചട്ടം അവസാനിച്ചാലും സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഫണ്ടുകൾ യഥാസമയം ലഭിക്കാത്തത് നിർമാണത്തിന് തടസ്സമാകുമെന്ന് അധികൃതർ പറയുന്നു. ഫണ്ട് ലഭ്യമല്ലെന്ന് അറിഞ്ഞതോടെ കരാറുകാർ പലയിടത്തും പണി ഉപേക്ഷിച്ചു. പുതിയ ടെൻഡറുകൾ എടുക്കാനും കരാറുകാരില്ലാത്ത അവസ്ഥയാണ്. ഇക്കാരണത്താൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാനാകില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാറിൽനിന്ന് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂളുകളുടെ അറ്റകുറ്റപ്പണിക്കുള്ള പണം നൽകാനാകില്ലെന്ന് ഗ്രാമപഞ്ചായത്തുകൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇടപെടാമെന്ന് വിദ്യാഭ്യാസ വകുപ്പ്
ടെന്‍ഡര്‍ നടപടികള്‍ക്കടക്കം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാല് അവക്ക് കമീഷന്റെ അനുമതി ലഭ്യമാക്കാന്‍ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിക്കുന്നു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ രേഖാമൂലം അറിയിച്ചാല്‍ മതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുതിയ നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടിക്ക് തടസ്സമുണ്ട്. എന്നാല്‍, അടിന്തരമായി ചെയ്യേണ്ട പ്രവര്‍ത്തനത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടി തുടങ്ങാമെന്ന് അധികൃതര്‍ പറഞ്ഞു. ചില പ്രവര്‍ത്തനങ്ങള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടത്താവുന്നതേയുള്ളു.
പാഠപുസ്തക വിതരണം പുരോഗമിക്കുന്നു
അധ്യാപകരുടെ പരിശീലനം ജില്ലയിലും നടക്കുന്നു. മാറുന്ന പാഠ്യപദ്ധതിയനുസരിച്ചുള്ള പരിശീലനമാണ് നടക്കുന്നത്. മൂന്നു കേന്ദ്രങ്ങളിലായി കണക്ക്, ഫിസിക്സ്, ബയോളജി വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. പാഠപുസ്തക വിതരണം നടക്കുന്നു. ജില്ല ഡിപ്പോയിലെത്തിയ പുസ്തകങ്ങള്‍ വിവിധ ഉപജില്ലകളിലായി സ്കൂള്‍ സൊസൈറ്റികളിലെത്തിച്ചു. ഈ മാസം പകുതിയോടെ പൂര്‍ണമായും പുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തിക്കാനുള്ള നടപടിയാണ് സ്വീകരിച്ചു വരുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒമ്പതിന് ജില്ലയിലെ സ്കൂള്‍ അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് നിർബന്ധമാണ്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയർമാർ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ സ്കൂളുകൾക്ക് പ്രവർത്തിക്കാനാകൂ. അധ്യാപകരുടെ വേതനം ഉൾപ്പെടെ ബില്ലുകൾ പാസാക്കണമെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സാധാരണനിലയിൽ അവധിക്കാലത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കി ജൂണിൽ സർട്ടിഫിക്കറ്റ് വാങ്ങുന്ന പതിവാണ് ഉണ്ടായിരുന്നത്.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പുതിയ അധ്യയന വർഷത്തിന് മുമ്പ് പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. പെയിന്റിങ്, റൂഫ് വർക്കുകൾ, ഇലക്ട്രിക്, പരിസരം വൃത്തിയാക്കൽ എന്നിവയാണ് അറ്റകുറ്റപ്പണി വിഭാഗത്തിലുള്ളത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും നേടേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.