ദുരന്ത ലഘൂകരണത്തിന് സമഗ്ര പദ്ധതിയുമായി ജില്ല ഭരണകൂടം
text_fieldsപത്തനംതിട്ട: ജില്ലയില്‍ ആവര്‍ത്തിച്ചുവരുന്ന വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, അതിതീവ്രമഴ, വരള്‍ച്ച തുടങ്ങിയ ദുരന്തങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി പോസ്റ്റ് ഡിസാസ്റ്റര്‍ റെസീലിയന്‍സ് പ്ലാന്‍ തയാറാക്കാന്‍ ജില്ല ഭരണകൂടം. പൈലറ്റ് പ്രോജക്റ്റായി പദ്ധതി പത്തനംതിട്ടയില്‍ നടപ്പാക്കുമെന്ന് മഴക്കെടുതിയുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം കലക്ടര്‍ എ. നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പ ഹാളില്‍ ചേര്‍ന്നു.
എല്ലാ വകുപ്പിന്റെയും നിർദേശങ്ങള്‍ സ്വീകരിക്കും. ജനപ്രതിനിധികളുമായികൂടി ചര്‍ച്ച നടത്തി ശില്പശാല സംഘടിപ്പിച്ച ശേഷം സമഗ്ര പദ്ധതി തയാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ഡാം മാനേജ്മെന്റ്, ജില്ലയിലെ ദുരന്തസാധ്യതകളും ദുര്‍ബല പ്രദേശങ്ങളും കണ്ടെത്തി മാപ്പ് ചെയ്യുന്നത്, പമ്പ, മണിമല, അച്ചന്‍കോവില്‍ നദീതട സംവിധാനങ്ങളുടെയും കൈവഴികളുടെയും അപകടസാധ്യത ലഘൂകരണം, ജലസ്രോതസ്സുകളുടെ റീചാര്‍ജിങ്, ചെക്ക് ഡാമുകളുടെ നിർമാണം, നദികളിലെയും ജലാശയങ്ങളിലും ചളി നീക്കുന്നത്, കള്‍വെര്‍ട്ടുകള്‍ വൃത്തിയാക്കല്‍, കാലാവസ്ഥ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്, സേനകളുടെ പ്രതികരണശേഷി വർധിപ്പിക്കുന്നത്, കൃഷി, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയുടെ പ്രതിരോധശേഷി തുടങ്ങിയവയില്‍ ജില്ലതല ഉദ്യോഗസ്ഥര്‍ വിഷയാവതരണം നടത്തി.
മുന്നറിയിപ്പ്, നിരീക്ഷണം, വാര്‍ത്താവിനിമയം, ഒഴിപ്പിക്കല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മറ്റു രാജ്യങ്ങളില്‍ വിജയിച്ച മാതൃക അടിസ്ഥാനമാക്കി ജില്ലയില്‍ പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് അജിത്ത് ശ്രീനിവാസ് അവതരണം നടത്തി. ജില്ല പൊലീസ് മേധാവി ആര്. ആനന്ദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

