കലക്ടറേറ്റിലെ ബോംബ് ഭീഷണി; ഒരു മാസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം
text_fieldsപത്തനംതിട്ട: കലക്ടറേറ്റിൽ ബോംബ് പൊട്ടിത്തെറിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. സൈബർ സെൽ കേസ് അന്വേഷിക്കുന്നുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മാർച്ച് 18നായിരുന്നു ജില്ല കലക്ടറുടെ ഇ മെയിൽ വിലാസത്തിൽ ഭീഷണി സന്ദേശമെത്തിയത്. കലക്ടറേറ്റിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിവൈ.എസ്.പി നന്ദകുമാറിനാണ് അന്വേഷണ ചുമതല. ഇഗ്ലീഷിൽ എത്തിയ ഭീഷണിസന്ദേശം വ്യാജമാണെന്നാണ് പൊലീസ് നിഗമനം. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. ഇ മെയിൽ അധികൃതർക്ക് വിവരം തേടി കത്തയച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സൈബർ വിഭാഗം പറയുന്നത്. എന്നാൽ, മറുപടി കിട്ടിയിട്ടില്ല.
മാർച്ച് 18ന് രാവിലെ 6.48നാണ് കലക്ടർക്ക് സന്ദേശമെത്തിയത്. 9.45ന് കളക്ടറുടെ ഇ മെയിൽ പരിശോധിച്ച ഓഫിസ് ജീവനക്കാരനാണ് ഇംഗ്ലീഷിലുള്ള സന്ദേശം കണ്ടത്. കലക്ടറേറ്റിൽ ആർ.ഡി.എക്സ് പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. 2001ലെ പാർലമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഓർമക്കായാണ് ഇതെന്നുമായിരുന്നു സന്ദേശത്തിൽ. ആസിഫ് ഗഫൂർ എന്ന പേരിലായിരുന്നു സന്ദേശം. കലക്ടർ എസ്. പ്രേംകൃഷ്ണൻ സിവിൽ സർവീസ് പരിശീലന ക്ലാസെടുക്കാൻ ഗോവയിലായിരുന്നു ഈ സമയം.
കലക്ടറുടെ ഹുസൂർ ശിരസ്തദാറാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ജീവനക്കാരെ മുഴുവൻ പുറത്തിറക്കി ഡോഗ്, ബോംബ് സ്ക്വാഡുകൾ എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പത്തനംതിട്ട കലക്ടറേറ്റിൽ ഭീഷണിസന്ദേശം ലഭിച്ച ദിവസം തന്നെ തിരുവനന്തപുരം, തൃശൂർ കലകക്ടറേറ്റുകളിലും സമാനസന്ദേശം എത്തിയിരുന്നു. മൂന്ന് സംഭവങ്ങളും മൂന്ന് കേസുകളായിട്ടാണ് അന്വേഷിക്കുന്നത്. ഭീഷണി സന്ദേശം ലഭിച്ച ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായി കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം തേടി ഇ മെയിൽ അധികൃതർക്കും ഫേസ്ബുക്കിനും കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.