ധർമം എന്നത് എല്ലാവർക്കും ഒരുപോലെയാണെന്ന് ഗവർണർ
text_fields113ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിർവഹിക്കുന്നു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ആന്റോ ആൻറണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ, പെരുംകുളം ചെങ്കോൽ ആധീനം ശിവപ്രകാശദേശിക സ്വാമി, ചിദാനന്ദ ഭാരതി, മഹാമണ്ഡലം ജനറൽ സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള എന്നിവർ സമീപം.
കോഴഞ്ചേരി: സനാതന തത്ത്വങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രധാനമാണെന്നും ധർമം എന്നത് എല്ലാവർക്കും ഒരുപോലെയാണെന്നും കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. 113 വർഷം മുമ്പ് തുടക്കം കുറിച്ച അയിരൂർ- ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ പ്രസക്തിക്ക് കാരണം അതിന്റെ അടിസ്ഥാനം സനാതന തത്ത്വമായതിനാലാണെന്നും ഗവർണർ പറഞ്ഞു. ഞായറാഴ്ച പമ്പാ മണപ്പുറത്തെ വിദ്യാധിരാജ നഗറിൽ 113ാമത് അയിരൂർ - ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുമതം എന്നത് കേവലം ഒരു മതമല്ല. മനുഷ്യന്റെ ജീവിത വഴിയാണ്. വസുധൈവ കുടുംബകമെന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് സനാതന ധർമമാണെന്നും അദ്ദേഹം പറഞ്ഞു. ഋഷി പാരമ്പര്യത്തിലൂടെ കടന്നുവന്നതാണ് ഹിന്ദുമതമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇതിന് വേർതിരിവുകളില്ല. ഇതിനെ ദുർവ്യാഖ്യാനം നടത്തുന്നവരാണ് അർഥങ്ങൾ മാറ്റിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അധ്യക്ഷത വഹിച്ചു. ആന്റോ ആൻറണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ, പെരുംകുളം ചെങ്കോൽ ആധീനം ശിവപ്രകാശ ദേശികസ്വാമി, വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി, മഹാമണ്ഡലം ജനറൽ സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള എന്നിവർ സംസാരിച്ചു.
കൊല്ലം പന്മന ആശ്രമത്തിൽനിന്ന് പുറപ്പെട്ട ജ്യോതിപ്രയാണ ഘോഷയാത്ര, എഴുമറ്റൂർ ഭട്ടാരക ആശ്രമത്തിൽ നിന്ന് എത്തിച്ച ഛായാചിത്ര ഘോഷയാത്ര, അയിരൂർ പുതിയകാവിൽ നിന്നുള്ള പതാക ഘോഷയാത്ര, സദാനന്ദപുരം അവധൂതാശ്രമത്തിൽ നിന്നുള്ള പദയാത്ര എന്നിവ ഒരുമിച്ച് ചെറുകോൽപുഴ വിദ്യാധിരാജ സ്മൃതി മണ്ഡപത്തിൽ ഒത്തുചേർന്നതോടെയാണ് അയിരൂർ-ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.