വിദ്യാഭ്യാസം കാലത്തിനനുസരിച്ച് മാറണം -മുഖ്യമന്ത്രി
text_fieldsപത്തനംതിട്ട: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക-സാങ്കേതിക ലോകത്തിനനുസരിച്ച് വിദ്യാഭ്യാസവും അക്കാദമിക പരിപാടികളും മാറണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പുതിയ അറിവുകൾ അതിവേഗം സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്.
പഠിച്ചിറങ്ങുമ്പോഴേക്കും പല അറിവുകളും കാലഹരണപ്പെടുന്ന സാഹചര്യത്തിൽ നിരന്തരമായ അറിവ് പുതുക്കൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാർത്തോമ്മാ കോളജ് തിരുവല്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുതുതായി അനുവദിച്ച കോഴ്സുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
കോളജ് മാനേജർ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷനായി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള വിവിധ പദ്ധതികളുടെ അവതരണം കോളജ് ട്രഷറർ തോമസ് കോശി നിർവഹിച്ചു. ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ നിർവഹിച്ചു.
ചലച്ചിത്ര സംവിധായകനും കോളജിന്റെ പൂർവവിദ്യാർഥിയുമായ ബ്ലെസ്സി ഐപ്പ് തോമസ് കോളജിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനം നിർവഹിച്ചു. ഡാനിയൽ വർഗീസ്, എസ്. ലേഖ, മനേഷ് ജേക്കബ്, കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വർഗീസ് ടി.കെ, ഡോ. ടീന ടി. എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

