ഇ.എസ്.എ: വില്ലേജുകളെ പൂർണമായി ഒഴിവാക്കാത്തതിൽ പ്രതിഷേധം
text_fieldsപത്തനംതിട്ട: പരിസ്ഥിതിലോല മേഖല സംബന്ധിച്ച് കേരള സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലയിലെ വില്ലേജുകളെ പൂർണമായി ഒഴിവാക്കാത്തതിൽ ഹരിത സംരക്ഷണ സമിതി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജനവാസമേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളെ ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കുന്ന രീതിയിലുള്ള റിപ്പോർട്ട് അംഗീകരിച്ചാൽ വനവും കൃഷിഭൂമിയും വീടുകളും ചേർന്ന പ്രദേശങ്ങളിൽ കൃത്യമായി അതിർത്തി നിർണയിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാകുമെന്ന് യോഗം വിലയിരുത്തി.
ഒരു സർവേ നമ്പറിന്റെ ഒരു ഭാഗം ഇ.എസ്.എ പരിധിയിലും മറ്റൊരു ഭാഗം ഇ.എസ്.എക്ക് പുറത്തുമായി വരുന്നത് ഭൂവുടമകളുമായി തർക്കങ്ങൾക്ക് ഇടയാക്കാനും സാധ്യതയുണ്ട്. അതിനാൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടും അനുബന്ധ ഭൂപടവും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കി വനമേഖലകളെ മാത്രം പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഹരിത സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് കാർട്ടൂണിസ്റ്റ് ഷാജി മാത്യു, സെക്രട്ടറി റെജി പ്ലാതോട്ടത്തിൽ, കൺവീനർ സജി ഇടിക്കുള എന്നിവർ സംസാരിച്ചു.
സർക്കാർ നിലപാട് പ്രതിഷേധാർഹം: ചിറ്റയം ഗോപകുമാര്‍
പത്തനംതിട്ട: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച ജില്ലയിലെ ഏഴു വില്ലേജുകളെ ഇ.എസ്.എ പരിധിയില്‍നിന്നും ഒഴിവാക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാറിന്റെ നടപടിയിൽ സി.പി.ഐ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മറ്റു ഏഴ് ജില്ലകളിലെ വില്ലേജുകളെ ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കാൻ ശിപാർശ ചെയ്തപ്പോൾ പത്തനംതിട്ട ജില്ലയെ മാത്രം പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ല സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ മുന്നോട്ടുപോകും.
വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കൊല്ലമുള, അരുവാപ്പുലം, പെരുനാട് എന്നീ വില്ലേജുകളാണ് ജില്ലയില്‍ ഇ.എസ്.എ പരിധിയിലുള്ളത്. ഇ.എസ്എയുമായി ബന്ധപ്പെട്ട് എല്‍ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിന്റെ കടകവിരുദ്ധമായ സമീപനമാണ് ഇപ്പോഴത്തെ യു.ഡി.എഫ് ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

