കോന്നി-അടവി ഇക്കോ ടൂറിസം കേന്ദ്രം; സുരക്ഷ ഓഡിറ്റിങ് നടന്നിട്ട് വർഷങ്ങൾ...
text_fieldsകോന്നി: ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന കോന്നി ഇക്കോ ടൂറിസം സെന്ററിൽ സുരക്ഷ പരിശോധനകൾ പാലിക്കാതെയും നടപ്പാക്കാതെയുമാണ് ഇതുവരെയും ടൂറിസം കേന്ദ്രവും അടവി കൊട്ടവഞ്ചി സവാരി കേന്ദ്രവും പ്രവർത്തിച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 2002ൽ പൊതുവായ മാർഗ നിർദേശങ്ങൾ വനം വകുപ്പ് തയാറാക്കിയിരുന്നു. തുടർന്ന് പി. പുകഴേന്തി ഇക്കോ ടൂറിസം അഡീഷനൽ പി.സി.സി.എഫ് ആയിരിക്കേ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രത്യേകം മാർഗനിർദേശങ്ങളും സുരക്ഷ ഓഡിറ്റും ഉൾപ്പെടെ നിർദേശിച്ചിരുന്നു.
വനം വകുപ്പിലെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, പൊതുമരാമത്ത്, ടൂറിസം, ഹെൽത്ത് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള സംഘമാണ് സുരക്ഷ ഓഡിറ്റ് നടത്തേണ്ടതൊന്നും നിർദേശിച്ചിരുന്നു. എന്നാൽ, കോന്നിയിൽ അടക്കമുള്ള മിക്ക ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സുരക്ഷ ഓഡിറ്റിങ് നടന്നിട്ടില്ല.
കോന്നിയിൽ സുരക്ഷാക്രമീകരണങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്താതെയാണ് ഇവിടേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. മേലുദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണ് ഇതിന് പിന്നിൽ. അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലും സുരക്ഷ പരിശോധന നടത്തുന്നില്ല. സവാരി കേന്ദ്രത്തിലെ കൊട്ടവഞ്ചികളും കാലപ്പഴക്കം ചെന്നവയാണെന്നാണ് അറിയുന്നത്.
കോന്നി ആനത്താവളത്തിനുള്ളിൽ കുട്ടികൾക്കുള്ള പാർക്കിലെ റൈഡുകൾ അടക്കമുള്ളവ തുരുമ്പിച്ച് നാശാവസ്ഥയിലാണെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല അപകടകരമായ മരച്ചില്ലകളും മുറിച്ചു നീക്കിയിട്ടില്ല. കുത്തൊഴുക്കുള്ള കല്ലാറ്റിൽ ജീർണാവസ്ഥയിലായ കൊട്ടവഞ്ചികൾ ഉപയോഗിച്ച് സവാരി നടത്തുന്നത് സഞ്ചാരികളുടെ ജീവനും ഭീഷണിയാണ്. എന്നാൽ, ഇതുവരെയായിട്ടും സുരക്ഷ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.