നൂറ്റാണ്ടിന്റെ ചരിത്രം പറഞ്ഞ് വീനസിലെ അമേരിക്കൻ അച്ചടി യന്ത്രം
text_fieldsയു.എസിൽനിന്ന് ഇറക്കുമതി ചെയ്ത അച്ചടിയന്ത്രം
കോന്നി: 105 വർഷത്തെ അച്ചടിയുടെ ചരിത്രം പറയുന്ന യന്ത്രം ഇന്നും കോന്നി വീനസ് പ്രസിലൂണ്ട്. 1920ൽ പുസ്തകാലയമായി തുടങ്ങി മലയാളത്തിലെ ആദ്യപുസ്തക പ്രസാധന സ്ഥാപനമായി മാറിയ കോന്നി വീനസ് ബുക്സ് ചരിത്രത്തിന്റെ ഭാഗമായെങ്കിലും ഒരു നൂറ്റാണ്ട് മുമ്പ് അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത് വീനക്സിന്റെ പെരുമ നാടിനെ അറിയിച്ച അച്ചടിയന്ത്രം ഇന്ന് കൗതുകമാകുകയാണ്. അക്കാലത്ത് ഏഴേക്കർ സ്ഥലം വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് മെഷീൻ ഇറക്കുമതി ചെയ്തത്. അന്ന് ക്രെയിൻ ഉപയോഗിച്ച് മെഷീൻ ഇറക്കുന്നത് കാണാൻ ധാരാളം ആളുകൾ കൂടിയിരുന്നു. ചരിത്രത്തിന്റെ ഭാഗമായ അച്ചടിയന്ത്രം ഇന്ന് അടൂരിലെ ശില മ്യൂസിയത്തിലുണ്ട്.
മലയാള പ്രസാധകരംഗത്തെ മുത്തശ്ശിയായ വീനസ് ബുക്സ് കോന്നിയിലെ ആദ്യകാല എൻജിനീയറിങ് ബിരുദധാരിയായ ഇ.കെ.ശേഖറും അടുത്തിടെ അന്തരിച്ച സഹധർമ്മിണി സുശീല ശേഖറും ചേർന്നാണ് സ്ഥാപിച്ചത്. മലയാളത്തിലെ ആദ്യകാല എഴുത്തുകാരൊക്കെയും തങ്ങളുടെ സൃഷ്ടികൾ പുസ്തകമാക്കിയത് വീനസ് ബുക്സിലൂടെയായിരുന്നു. തകഴി, ഇ.കെ.നായനാർ, ഗുരു നിത്യ ചൈതന്യയതി, എം.പി.ചെല്ലപ്പൻ നായർ, പമ്മൻ, പെരുമ്പടവം ശ്രീധരൻ, എം.മുകുന്ദൻ, സി.പി.നായർ, വേളൂർ കൃഷ്ണൻകുട്ടി, വി.കെ.മാധവൻകുട്ടി, ജഗതി എൻ.കെ.ആചാരി, കോന്നിയൂർ മീനാക്ഷിഅമ്മ എന്നിവരുടെ കൃതികൾ പുസ്തകരൂപത്തിൽ പ്രകാശിതമായത് ഈ അച്ചടി മെഷീനിലൂടെയാണ്.
പി.എൻ.പണിക്കരുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിനും ആദ്യകാല ഗ്രന്ഥശാലകൾക്കും കരുത്ത് പകർന്നത് ഈ പുസ്തക പ്രസാധന സ്ഥാപനമായിരുന്നു. ഇവിടെ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡി.സി കിഴക്കേമുറി ഡി.സി ബുക്സ് ആരംഭിച്ചത്. വീനസ് പ്രസിദ്ധീകരിച്ച 10 നോവലുകൾ പിൽക്കാലത്ത് സിനിമയായി. ഗുരു നിത്യചൈതന്യതി സന്യാസം സ്വീകരിക്കും മുമ്പ് ജയചന്ദ്രപണിക്കർ എന്ന പേരിൽ എഴുതിയിരുന്ന കൃതികൾ ഇവിടെയാണ് പ്രിന്റ് ചെയ്തിരുന്നത്. ഇ.കെ.ശേഖറിന്റെ കൊച്ചുമകളും സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്ജിയുടെ ഭാര്യയുമായ ഉണ്ണിമായയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ വീനസ് ബുക്സ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.