കാട്ടുപന്നികൾ നാട്ടിൽ വിലസുന്നു; വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയിട്ടും നടപടിയെടുക്കാതെ ഗ്രാമപഞ്ചായത്തുകൾ
text_fieldsകോന്നി: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയിട്ടും പല ഗ്രാമപഞ്ചായത്തുകളും തീരുമാനം നടപ്പാക്കാൻ തയാറാകുന്നില്ല. നിലവിൽ വിരലിൽ എണ്ണാവുന്ന പഞ്ചായത്തുകൾ ഒഴിച്ചാൽ പലയിടത്തും ഷൂട്ടർമാരെ നിയോഗിക്കാനോ കാട്ടുപന്നി ശല്യം കുറക്കാനോ പഞ്ചായത്തുകൾ തയാറാകുന്നില്ല. പലയിടത്തും കാട്ടുപന്നികളെ വനം വകുപ്പ് അധികൃതർ കൊല്ലുകയാണ് ചെയ്യുന്നത്.
ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് ഇറങ്ങിയപ്പോൾ നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വനം വകുപ്പ് മന്ത്രി കെ. രാജു വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോന്നിയിലാണ് ആദ്യമായി കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുന്നത്. 2014 മുതൽ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ 2019ൽ ഉത്തരവിൽ ഭേദഗതി വരുത്തിയതിന് ശേഷം 2019 മാർച്ചിൽ ഉത്തരവ് ഡി.എഫ്.ഒമാർക്ക് കൈമാറുകയായിരുന്നു. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സലിൻ ജോസിനെയാണ് കോന്നി മണ്ഡലത്തിൽ ഉത്തരവ് നടപ്പാക്കാൻ ചുമതലപ്പെടുത്തിയത്. ഇതിന് ശേഷം കോന്നിയിലെത്തിയ മന്ത്രി കെ. രാജു നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കോന്നി, റാന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർക്ക് നിർദേശം നൽകുകയായിരുന്നു.
തുടർന്ന് അരുവാപ്പുലം തോപ്പിൽ മിച്ചഭൂമി കോളനിയിലെ അനിതകുമാരിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതേ ദിവസം തന്നെ അരുവാപ്പുലം സന്തോഷിന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു. എന്നാൽ, ഇത് രക്ഷപ്പെടുകയായിരുന്നു. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് ഇതുവരെ 88 കാട്ടുപന്നികളെയാണ് വെടിവെച്ച് കെന്നത്. 2500 രൂപയാണ് പന്നികളെ കൊല്ലാൻ ഷൂട്ടർമാർക്ക് നൽകുന്നത്. ജില്ലയിലെ പല പഞ്ചായത്തുകളിലും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നിയമം നടപ്പാകാതെ വന്നതോടെ വലയുകയാണ് കർഷകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.