വികസനം പിന്നോട്ട്; കാടുകയറി അച്ചൻകോവിൽ-ശബരിമല കാനനപാത
text_fieldsകാടുകയറിയ കാനന പാത
കോന്നി: മണ്ഡലകാലം ആരംഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അച്ചൻകോവിൽ-കല്ലേലി-കോന്നി ശബരിമല കാനനപാതയിൽ അടിസ്ഥാന സൗകര്യമില്ല. വന ഭൂമിയിലൂടെ കടന്നുപോകുന്ന റോഡിൽ വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് റോഡ് വികസനത്തെ പിന്നോട്ട് അടിക്കുന്നത് എന്നാണ് പറയുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് പ്രധാനമായും ആവശ്യം.
എന്നാൽ, ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നിർമാണം നീളുന്നതിന്റെ കാരണം എന്തെന്ന് ഹൈകോടതിയും ചോദിച്ചിരുന്നു. തമിഴ്നാട് കുറ്റാലത്തുനിന്ന് ചെങ്കോട്ട, മേക്കര, കോട്ടവാസൽ, അച്ചൻകോവിൽ ആവണിപ്പാറ, മണ്ണാറപ്പാറ, കുടമുക്ക്, കടിയാർ, കല്ലേലി, നടുവത്തുമൂഴി, അരുവാപ്പുലം വഴി എലിയറക്കൽ എത്തുന്ന റോഡാണ് അനാസ്ഥ മൂലം നശിക്കുന്നത്.
അച്ചൻകോവിൽനിന്ന് പ്ലാപ്പള്ളി വരെയുള്ള 100 കിലോമീറ്റർ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കാൻ പദ്ധതി തയാറാക്കിയിരുന്നു. അതിനായി 100 കോടിയും അനുവദിച്ചിരുന്നു. പിറവന്തൂർ, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, സീതത്തോട് തുടങ്ങിയ പഞ്ചായത്തുകൾ വഴിയാണ് റോഡ് കടന്നുപോകുന്നത്. ചെങ്കോട്ടയിൽനിന്ന് വരുന്ന ശബരിമല തീർഥാടകർക്ക് കിലോമീറ്ററുകൾ ലഭിച്ച് കോന്നിവഴി പമ്പയിൽ എത്താൻ ഉപകരിക്കുന്നതാണ് നിർദിഷ്ട പാത.
കോന്നി, റാന്നി വനം ഡിവിഷനുകളിലൂടെ കടന്നുപോകുന്ന കാനന പാത വീതി കൂട്ടണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇത് ലഭിച്ചിട്ടില്ല. റോഡ് നിർമാണത്തിനായി ഏറ്റെടുക്കേണ്ട വന ഭൂമിയുടെ സർവേയും പൂർത്തിയായിരുന്നു. നിലവിലുള്ള പാത സഞ്ചാരയോഗ്യമല്ല. സംസ്ഥാന പാതയിൽ എലിയറക്കലിൽ ഈ റോഡിന്റെ സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. റോഡ് തകർച്ച കൂടാതെ ഈ വഴി വാഹനങ്ങൾ കടന്നു പോകുന്നതിൽ വനം വകുപ്പിന്റെ തടസ്സവും യാത്രക്കാരെ വലക്കുന്നു.
എലിയറക്കലിൽ നിന്നും യാത്ര ചെയ്ത് കല്ലേലി ചെക്ക് പോസ്റ്റിൽ എത്തുമ്പോഴാണ് യാത്രക്ക് നിയന്ത്രണം ഏർപെടുത്തിയ വിവരം അയ്യപ്പ ഭക്തർ അറിയുന്നത്. ഇതോടെ വാഹനങ്ങൾ തിരികെ പോകും. ഇരു ചക്ര വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. നടുവത്തുമൂഴി വന മേഖലയിലെ ചപ്പാത്ത് തകർന്നു കിടക്കുന്നതും യാത്രക്ലേശം സൃഷ്ടിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിലെ 300 മീറ്റർ ഭാഗം ടാർ ചെയ്തിരുന്നു.
എന്നാൽ ശക്തമായ മഴയിൽ റോഡ് ടാറിങ് ഇളകി കുഴി രൂപപ്പെട്ടിരുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഈ വഴി വനം വകുപ്പ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. റോഡ് സഞ്ചാരയോഗ്യമയാൽ ചെങ്കോട്ട, തിരുനെൽവേലി, തെങ്കാശി എന്നിവടങ്ങളിൽ നിന്നും ശബരിമലക്ക് വരുന്ന തീർഥാടകർക്ക് ആര്യങ്കാവ്, തെന്മല, ഇടമൺ, പുനലൂർ വഴിയുള്ള ചുറ്റി കറക്കം ഒഴിവാക്കാൻ കഴിയും.
അതുപോലെ കൊല്ലം, തിരുമംഗലം ദേശീയ പാതയിൽ എസ് വളവിൽ ഉണ്ടാകുന്ന തിരക്കും ഒഴിവാക്കാം. കല്ലേലി ചെക് പോസ്റ്റ് മുതൽ കൊക്കാത്തോട് പാലം വരെയുള്ള റോഡിന്റെ വശങ്ങൾ മണ്ണിട്ട് നികത്താത്തത് കാരണം രണ്ട് വാഹനങ്ങൾക്ക് ഇരു വശങ്ങളിലേക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനും പരിഹാരം ആവശ്യമാണ്. അനുബന്ധമായ റോഡുകളിൽ പലയിടത്തും അറ്റകുറ്റപണികളും കാട് തെളിക്കുന്ന ജോലികളും ഇനിയും പൂർത്തിയാകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

