വനം വകുപ്പ് സംരക്ഷണമൊരുക്കിയ പരുന്ത് പറന്നുയർന്നു
text_fieldsവനം വകുപ്പ്
സംരക്ഷണമൊരുക്കിയ പരുന്ത്
കോന്നി: അഞ്ചു വർഷമായി കണ്ണിലെ കൃഷ്ണമണിപോലെ കോന്നി ഫോറസ്റ്റ് സ്ട്രൈകിങ് ഫോഴ്സ് അധികൃതർ പരിപാലിച്ചുവന്ന കൃഷ്ണപ്പരുന്ത് ചിറകുകൾ വീശി ആകാശത്ത് പറന്നുയർന്നു.
2021 ൽ കൊല്ലം ജില്ലയിലെ തേവലക്കരയിൽ നിന്നാണ് ചിറകിന് പരിക്കേറ്റ് പരുന്തിനെ അവശ നിലയിൽ കണ്ടെത്തിയതായി വനം വകുപ്പിന്റെ കോന്നി സ്ട്രൈകിങ് ഫോഴ്സ് ഓഫീസിൽ വിവരം ലഭിച്ചത്. ആരോ വളർത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പരുന്ത് പറക്കാൻ പോലും കഴിയാതെ തീരെ അവശനിലയിൽ ആയിരുന്നു. അന്ന് അഞ്ച് വയസ്സായിരുന്നു.
കോന്നി സ്ട്രൈകിങ് ഫോഴ്സ് ഓഫീസിൽ എത്തിച്ച പരുന്തിനുചിറകിന് മാരകമായി മുറിവേറ്റതിനാൽ പറക്കാൻ കഴിയില്ല എന്നാണ് വനം വകുപ്പ് വെറ്റിനറി ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തിയത്. വളർത്തി ഉപേക്ഷിച്ചവർ പരുന്ത് പറക്കാതിരിക്കാൻ ചിറകിൽ മാരക മുറിവ് ഏൽപ്പിച്ചതാകാം എന്നായിരുന്നു നിഗമനം. പറക്കാൻ കഴിയില്ല എന്ന് ഡോക്ടർ വിധി എഴുതിയെങ്കിലും പരുന്തിന് പരിശീലനം നൽകുവാൻ സ്ട്രൈകിങ് ഫോഴ്സ് തീരുമാനിച്ചു.
രാവിലെ മുതൽ പരീക്ഷണ പറക്കൽ നടത്തിയും ചില വ്യായാമങ്ങൾ ചെയ്യിപ്പിച്ചും ഉദ്യോഗസ്ഥർ പരുന്തിനെ പറക്കുന്നതിനു പ്രാപ്തമാക്കാൻ ശ്രമം തുടർന്നുകൊണ്ടിരുന്നു. മീനും ഇറച്ചിയും ആയിരുന്നു പ്രധാന ഭക്ഷണം.
കൃത്യമായ പരിശീലനത്തെ തുടർന്ന് പരുന്ത് സുഖം പ്രാപിക്കുകയും ചിറകുകൾ വിടർത്തി ആകാശത്തേക്ക് പറന്നുയരുകയും ചെയ്തു. നാലു വർഷത്തിനിടെ ആരോടും ആക്രമണ സ്വഭാവം കാണിക്കാതെയാണ് പരുന്ത് ഉദ്യോഗസ്ഥരുമായി ഇടപഴകിയത്. പരുന്ത് സുഖം പ്രാപിച്ചു പറന്നകന്നത് സന്തോഷം നൽകുന്ന കാര്യമാണെങ്കിലും വർഷങ്ങളായി കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ വിട്ടുപോയതിൽ ദുഃഖിതരാണ് സ്ട്രൈകിങ് ഫോഴ്സ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

