ആനകളെ വീഴ്ത്തിയിരുന്ന ഖെദ്ദ സമ്പ്രദായം ഓർമയായിട്ട് 151 വർഷം
text_fieldsഖെദ്ദ സമ്പ്രദായം -രേഖാ ചിത്രം
കോന്നി: കോന്നിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ‘ഖെദ്ദ’ സംവിധാനം ഓർമയായിട്ട് ഒന്നരനൂറ്റാണ്ട് പിന്നിടുമ്പോഴും അടയാളപ്പെടുത്താൻ ‘മറന്ന്’ അധികൃതർ. വാരിക്കുഴികളിൽ നിർമിച്ച് പിടിക്കുന്നതിന് മുമ്പ് ആനകളെ വീഴ്ത്തിയിരുന്ന സമ്പ്രദായമായിരുന്നു ഖെദ്ദ. മൈസൂരിൽ നിലനിന്നിരുന്ന ഈ സംവിധാനം കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് 1874ൽ കോന്നിയിലെ കല്ലാറിന്റെ തീരങ്ങളിലായിരുന്നു. കല്ലാറിന്റെ കരയിൽ വലിയ തടികൾ ഉപയോഗിച്ച് വേലിക്കെട്ട് നിർമിച്ച് ഇതിലേക്ക് ആനക്കൂട്ടത്തെ ഓടിച്ചു കയറ്റിയശേഷം താപ്പാനകളെ ഉപയോഗിച്ച് പിടിച്ചു കെട്ടുന്ന രീതിയായിരുന്നു ഇത്.
ഒരേ സമയം നിരവധി ആനകളെ പരിക്കുകൾ ഒന്നും കൂടാതെ തന്നെ പിടികൂടാൻ സാധിക്കുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. കൊല്ലവർഷം 1049 ലാണ് തിരുവിതാംകൂർ വനം വകുപ്പ് ഇത്തരത്തിൽ ആനകളെ പിടികൂടാൻ തീരുമാനം എടുക്കുന്നത്. 1052 ൽ കോന്നിയിൽ കല്ലാറിന്റെ കരയിൽ ഇത്തരത്തിൽ ആനകളെ പിടികൂടാൻ ഖെദ്ദ ഒരുക്കുകയായിരുന്നു. തുടക്കത്തിൽ പ്രവർത്തനം വിജയകരമായിരുന്നുവെങ്കിലും പിന്നീട് കാട്ടാനകൾ വേലിക്കുള്ളിലേക്ക് ഓടിക്കയറാൻ മടിച്ചു. ഇതോടെ പദ്ധതി അവസാനിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ പിടികൂടുന്ന ആനകളെ പരിശീലിപ്പിക്കുന്നതിനായി കല്ലാറിന്റെ തീരത്ത് ആനക്കൂടും പ്രവർത്തിച്ചിരുന്നു. നിലവിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തിക്കുന്നിടത്താണ് അന്ന് ആനക്കൂട് സ്ഥാപിച്ചിരുന്നത്.
ആനകളെ മാത്രമല്ല മറ്റ് മൃഗങ്ങളെയും ഇത്തരത്തിൽ പിടികൂടിയിരുന്നതായി പറയുന്നുണ്ട്. എന്നാൽ കോന്നി ആനത്താവളത്തിൽ പോലും ഇതിനെ കുറിച്ച് ഒരു സൂചനകളില്ലെന്ന് ചരിത്രഗവേഷകർ പറയുന്നു. കോന്നിയുടെ ആനപ്പെരുമയിൽ നിർണായകമായിരുന്ന ഇതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്ന രീതിയിൽ ആനത്താവളത്തിൽ കുറിപ്പുകളും ചിത്രങ്ങളും സ്ഥാപിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വന്യ ജീവി സംരക്ഷണ നിയമ പ്രകാരം 1972ൽ കേരളത്തിൽ ആന പിടുത്തം നിരോധിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.