ഭരണം ഇടതുമുന്നണി; പരാതിക്കാരൻ സി.പി.എം അംഗം; മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ഇടപെട്ട് ഓംബുഡ്സ്മാൻ
text_fieldsമണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കോഴഞ്ചേരി: ഇടതുമുന്നണി ഭരിക്കുന്ന മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സി.പി.എം അംഗം നല്കിയ പരാതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാന് നടപടി. മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ടാണ് സി.പി.എം അംഗം സജീവ് ഭാസ്കര്‍ ഓംബുഡ്സ്മാനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പരാതി പരിഗണിച്ച ഓംബുഡ്സ്മാന് ജസ്റ്റിസ് പി.ഡി. രാജന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും 25,000 രൂപ വീതം പിഴ അടക്കാൻ ഉത്തരവിട്ടു.
സി.പി.ഐ നേതാവായ പഞ്ചായത്ത് പ്രസിഡന്റ് ജിജു ജോസഫിനും നിര്‍വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിക്കുമെതിരെ നടപടിക്ക് പഞ്ചായത്ത് ജോ. ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ആദ്യം തെരഞ്ഞെടുത്തയാളെ ഒഴിവാക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം പഞ്ചായത്തീരാജ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സി.പി.എം അംഗം സജീവ് ഭാസ്കര്‍ നല്കിയ പരാതിയില്‍ പറയുന്നത്. പഞ്ചായത്ത് തീരുമാനം റദ്ദാക്കിയ ഓംബുഡ്സ്മാന് അര്‍ഹനായ വ്യക്തിക്ക് 15 ദിവസത്തിനകം നിയമനം നല്‍കണമെന്ന് നിര്‍ദേശിച്ചതായും പഞ്ചായത്ത് കമ്മിറ്റി തീരുമാനം റദ്ദ് ചെയ്ത സെക്രട്ടറിയെ തരംതാഴ്ത്തുകയോ ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റം നല്‍കുകയോ ചെയ്യണമെന്നും പഞ്ചായത്ത് ജോയന്റ് രജിസ്ട്രാറിന് ഓംബുഡ്സ്മാന് നിർദേശം നല്‍കിയതായും അറിയുന്നു.
നിയമം ലംഘിച്ച് തീരുമാനം എടുത്ത കമ്മിറ്റിയില്‍ പങ്കെടുത്ത അംഗങ്ങളെ കമീഷന് ശാസിച്ചു. 13 അംഗ ഭരണ സമിതിയിലെ 10 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇടത് അംഗങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങളും പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തെ കാര്യമായി എതിര്‍ത്തിരുന്നില്ല. ഇതോടെ ഇവരും കമീഷന്റെ പരാമര്‍ശത്തിനു വിധേയരായി. എന്നാല്‍, ചട്ടം ലംഘിച്ചില്ലെന്നും ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
പഞ്ചായത്ത് വാദം
നിയമനം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അപേക്ഷകര്‍ക്കു നല്‍കിയില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. കരാര്‍ നിയമനത്തില്‍ അവസാന ഘട്ടത്തില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ഉദ്യോഗാർഥിയെ നിയമിക്കാന്‍ തീരുമാനമായിരുന്നു.
കുടുംബശ്രീയിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ വ്യക്തിയുടെ മകനെയാണ് തെരഞ്ഞെടുത്തതെന്നും ഇത് ഒഴിവാക്കണമെന്നുമായിരുന്നു പരാതി. ഡിസംബര്‍ 11ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി മുന്‍ തീരുമാനം റദ്ദാക്കുകയും ഈ സാമ്പത്തിക വര്‍ഷം ആരെയും നിയമിക്കേണ്ടെന്നും തീരുമാനിച്ചു. ഈ തീരുമാനത്തിനെതിരെയാണ് സജീവ് ഭാസ്കര്‍ പരാതി നല്‍കിയത്. യോഗത്തില്‍ പങ്കെടുത്ത പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള 10 പേര്‍ക്കെതിരെയാണു പരാതി നല്‍കിയത്.
മിണ്ടാട്ടമില്ലാതെ കോണ്‍ഗ്രസും ബി.ജെ.പിയും
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിനെതിരെയുള്ള ഓംബുഡ്സ്മാന്റെ വിധിയും പരാമര്‍ശവും വെട്ടിലാക്കിയത് പ്രതിപക്ഷമായ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും. പഞ്ചായത്ത് ഭരണസമിതിയില്‍ ഇടതുപക്ഷം നിര്‍ദേശിച്ച ആളിനെ ആദ്യം നിയമിക്കുന്നതിന് ഇരു പാര്‍ട്ടികളും പൂര്‍ണമായും പിന്തുണച്ചു. എല്ലാവരും സുബിന് ഒന്നാം റാങ്ക് ലഭിക്കാന്‍ വേണ്ട മാര്‍ക്ക് നല്കി. നേതൃത്വത്തില്‍ ഉള്ളവര്‍ ഒട്ടും കുറക്കാതെ പത്തില്‍ പത്തും നല്‍കിയാണ് പിന്തുണ അറിയിച്ചത്. എന്നാല്‍, ഒന്നാം റാങ്കുകാരനെ ഒഴിവാക്കാന്‍ തീരുമാനമെടുത്ത ഭരണസമിതി യോഗത്തില്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഉഷാകുമാരിയും കോണ്‍ഗ്രസ് അംഗം ഷിബു കാഞ്ഞിക്കലും പങ്കെടുത്തിരുന്നില്ല.
കോണ്‍ഗ്രസ് അംഗം മേഴ്സി സാമുവേലും സി.പി.എം അംഗം സജീവ് ഭാസ്കറും ഒന്നാം റാങ്കുകാരനെ തന്നെ നിയമിക്കണമെന്ന് ശക്തമായി വാദിച്ചു. ബി.ജെ.പി അംഗങ്ങളും കോണ്‍ഗ്രസ് അംഗവും ഇടതു തീരുമാനത്തെ അനുകൂലിച്ചു. ഇതോടെയാണ് ഒന്നാം റാങ്കുകാരനെ ഒഴിവാക്കി രണ്ടാം റാങ്കുകാരനെ നിയമിക്കാന്‍ തീരുമാനമെടുത്തത്. ഈ യോഗത്തില്‍ ആകട്ടെ സി.പി.എം അംഗങ്ങള്‍ തമ്മില്‍ കടുത്ത പോര്‍വിളിയും ആരോപണ-പ്രത്യാരോപണങ്ങളും നടന്നു. എന്നാല്‍, ഇതൊന്നും നിയന്ത്രിക്കാന്‍ അധ്യക്ഷന്‍ കഴിഞ്ഞതുമില്ല. ഇതേ തുടര്‍ന്നാണ് സി.പി.എം അംഗം ഓംബുഡ്സ്മാനെ സമീപിച്ചത്.
വിധി പൂര്‍ണമായി പുറത്തു വന്ന ശേഷം മാത്രമേ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരെ ഇത് എങ്ങനെ ബാധിക്കും എന്ന് പറയാന്‍ കഴിയൂ. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ അടുത്തിടെ നടന്ന അഴിമതികളില്‍ എല്ലാം കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, നിയമന വിവാദത്തില്‍ ഇവരും പെട്ടതോടെ പുറത്തെ പ്രതിഷേധം ഇനി എങ്ങനെ കൊണ്ടുപോകാന്‍ കഴിയും എന്ന ആശങ്കയുമുണ്ട്. ബി.ജെ.പി ആകട്ടെ ഇതിലൊന്നും പങ്കില്ലെന്നാണ് പറയുന്നത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി അംഗങ്ങക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്.
പഞ്ചായത്ത് പടിക്കൽ കോൺഗ്രസ് പ്രതിഷേധം
കോഴഞ്ചേരി: കരാർ നിയമനത്തിൽ ചട്ടലംഘനം നടത്തി ഓംബുഡ്സ്മാൻ ശിക്ഷിച്ച മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജിജു ജോസഫ് രാജിവെക്കുക പഞ്ചായത്ത് സെക്രെട്ടറിയെ സസ്പെൻഡ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടൈറ്റസ് തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഷിബു കാഞ്ഞിക്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ജി. കൃഷ്ണദാസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ജോയ് ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം സാലി ലാലു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സി ശമുവേൽ, കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ, ബൂത്ത് പ്രസിഡന്റ് തോമസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.