വിൽപനക്ക് മിന്നൽ വേഗം; കെ.എസ്.ആർ.ടി.സി സ്മാർട്ട് കാർഡിന് ക്ഷാമം
text_fieldsപത്തനംതിട്ട: സൂപ്പർഫാസ്റ്റ് വേഗത്തിൽ വിറ്റഴിഞ്ഞതോടെ കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് കാർഡുകൾക്ക് ജില്ലയിൽ ക്ഷാമം. ജില്ലയിലെ ഡിപ്പോകൾക്ക് ആദ്യം അനുവദിച്ച കാർഡുകൾ തീർന്നെങ്കിലും അടുത്ത ഘട്ടമായി കൂടുതൽ എത്താത്തതാണ് പ്രതിസന്ധി. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നായി കഴിഞ്ഞ ദിവസംവരെ മൊത്തം 9,000ത്തോളം കാർഡുകൾ വിറ്റതായാണ് കണക്ക്. പത്തനംതിട്ട, റാന്നി ഡിപ്പോകളിലാണ് കൂടുതൽ വിറ്റഴിഞ്ഞത് -2000 വീതം. തിരുവല്ലയിൽ 1100 കാർഡും ആവശ്യക്കാർ സ്വന്തമാക്കി.
നിലവിൽ അനുവദിച്ചവ തീർന്നതോടെ വീണ്ടും കാർഡുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. സംസ്ഥാനതലത്തിൽ അഞ്ച് ലക്ഷം കാർഡുകൂടി ഓർഡർ നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കായി പുറത്തിറക്കിയ ട്രാവൽ കാർഡിന് ജില്ലയിൽ തുടക്കം മുതൽ വൻ സ്വീകാര്യതയായിരുന്നു.
ചില്ലറ പ്രശ്നമില്ലാതെ ബസില്‍ യാത്ര ചെയ്യാമെന്നതാണ് കാർഡിന്റെ സവിശേഷത. 100 രൂപയാണ് കാര്‍ഡിന്റെ വില. 50 മുതല്‍ 3000 രൂപക്കുവരെ റീചാര്‍ജ് ചെയ്യാം. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളിലും ഉപയോഗിക്കാൻ കഴിയുന്ന കാർഡ് മറ്റ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാനും കഴിയും.
കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സ്വൈപ് ചെയ്യുന്ന തരത്തിലാണ് സംവിധാനം. ടിക്കറ്റ് യന്ത്രത്തിൽനിന്ന് കാര്‍ഡിന്റെ ബാലന്‍സ് അറിയാനും സാധിക്കും. സ്ഥിരം യാത്രക്കാരിൽ ഭൂരിഭാഗവും കാർഡ് സ്വന്തമാക്കി.
ഒരു വർഷമാണ് കാർഡിന്റെ കാലാവധി. കാർഡ് പ്രവർത്തനരഹിതമായാൽ തൊട്ടടുത്ത കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി അപേക്ഷ നൽകിയാൽ, അഞ്ച് ദിവസത്തിൽ പുതിയത് ലഭിക്കും. പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയതിലേക്ക് മാറ്റിയും ലഭിക്കും. കാർഡിന് കേടുപാട് സംഭവിച്ചാൽ പകരം ലഭിക്കില്ല.
സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കിയ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് കെ.എസ്.ആർ.ടി.സിക്കായും കാർഡ് ഒരുക്കിയത്. കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പും ഇവർ സജ്ജമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.