ഭരണത്തിലിരിക്കുമ്പോൾ തെറ്റുചെയ്യാനുള്ള സാധ്യത ഏറെ; മീറ്റ് ദ പ്രസിൽ എം.എ. ബേബി
text_fieldsപത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിക്കുന്നു
പത്തനംതിട്ട: ഭരണത്തിലിരിക്കുമ്പോൾ തെറ്റുചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മനുഷ്യനെന്ന നിലക്ക് തെറ്റുകൾ സ്വാഭാവികമാണ്. ഭരണത്തിൽ ഇല്ലാത്തപ്പോഴും തെറ്റുചെയ്യാം. പാർട്ടി സമ്മേളനങ്ങളിൽ തെറ്റുതിരുത്തൽ പ്രക്രിയകളും നടക്കുന്നുണ്ടെന്നും ബേബി പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബിൽ വ്യാഴാഴ്ച നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയിൽ കേരളത്തിൽനിന്ന് ഏറ്റവും അനുഭവ സമ്പത്തുള്ള നേതാവ് പിണറായി വിജയൻ തന്നെയാണെന്നും അദ്ദേഹം പുതിയ എ.കെ.ജി സെന്റർ ഉദ്ഘാടനം ചെയ്യാൻ അർഹനാണെന്നും ബേബി പ്രതികരിച്ചു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിന്റെ നേതൃത്വത്തിലെ ഭരണകൂടത്തെ നിഷ്കാസനം ചെയ്യുകയാണ് തങ്ങളുടെ മുന്നിലുള്ള അജണ്ടയെന്നും വിശാല കാഴ്ചപ്പോടെ പുരോഗമന പ്രസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കേണ്ട സമയത്ത് മൂന്നാംമുന്നണി വികസിപ്പിച്ചെടുക്കാനുള്ള ആശയങ്ങളൊന്നും ഇക്കാലത്ത് സി.പി.എം മുന്നോട്ട് വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സർക്കാറിനെതിരായ കേന്ദ്ര സർക്കാറിന്റെയും അന്വേഷണ ഏജൻസികളുടെയും ഒരുമിച്ചുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസെന്നും വിഷയം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പി. ജയരാജനും ജി. സുധാകരനും പാർട്ടിയിലെ പ്രധാന നേതാക്കളാണ്. ഓരോരുത്തർക്കും ലഭിക്കുന്ന പദവി അനുസരിച്ചല്ല സി.പി.എം നേതാക്കളെ അളക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന തലത്തിൽ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബ് ബിജു കുര്യൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി.കെ. അഭിലാൽ നന്ദിയും പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ജില്ലയിൽ എത്തിയ എം.എം. ബേബിക്ക് സി.പി.എം പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്.
‘ഫ്രാൻസിസ് മാർപാപ്പ മുതലാളിത്തത്തിന് എതിരായിരുന്നു’
പത്തനംതിട്ട: ഫ്രാൻസിസ് മാർപാപ്പ തന്റെ ദൗത്യം പോപ്പ് ഫ്രാൻസിസ് എന്ന പേരിൽ നിർവഹിച്ച് തുടങ്ങി ഒന്നു രണ്ട് പ്രസ്താവനകൾ പുറത്തുവന്നപ്പോൾ അദ്ദേഹത്തെ നിലപാടുകളെക്കുറിച്ച് വ്യക്തത വന്നെന്നും അദ്ദേഹം മുതലാളിത്തത്തിന് എതിരായിരുന്നെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
മനുഷ്യജീവിതവും സമൂഹങ്ങളും തുടങ്ങി വിവിധ പ്രശ്നങ്ങളെക്കുറിച്ചു അദ്ദേഹം സുവ്യക്തമായ അഭിപ്രായമാണ് ആവിഷ്കരിച്ചത്. അസാധാരണമായ നിലപാടുകൾ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം ഇടംപിടിച്ചത്. സ്ത്രീകളുടെ പുരോഗതിക്കായി കൃത്യമായ ഇടപെടലുകൾ നടത്തിയാളാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാൻ നഗരത്തിൽ ആദ്യമായി ഭരണച്ചുമതല സ്ത്രീക്ക് നൽകിയ അദ്ദേഹം സ്ത്രീകളെ നേതൃരംഗത്തേക്ക് ഉയർത്തിക്കൊണ്ടുവന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്നും എം.എ ബേബി പറഞ്ഞു.
‘പഹൽഗാം ഭീകരകൃത്യത്തിന് മതവുമായി ബന്ധമില്ല’
പത്തനംതിട്ട: ജമ്മു-കശ്മീരിലെ പഹൽഗാം ഭീകര കൃത്യത്തിന് മതവുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. മതങ്ങൾക്ക് അപമാനം സൃഷ്ടിക്കാനാണ് ഇത്തരം ആളുകളുടെ ശ്രമം. എല്ലാ മതങ്ങളുടെയും മൂല്യങ്ങളെ നിരസിക്കുന്നവരാണ് ഭീകരവാദികൾ. കൂട്ടക്കുരുതിക്ക് ഇരയായവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച തദ്ദേശീയനെയും ഇല്ലാതാക്കി. ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തെ ചെറുക്കണം. രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
മതത്തെ ഉപയോഗിച്ച് രാജ്യത്ത് ഭിന്നിപ്പിന് ശ്രമിക്കുന്ന ആർ.എസ്.എസിനെതിരെ സാമൂഹിക, സാംസ്കാരിക സംഘടനകളെ ഒത്തൊരുമിപ്പിച്ച് ഐക്യനിര കെട്ടിപ്പടുക്കണം. ബംഗാളിലും ത്രിപുരയിലും സി.പി.എം നേരിട്ട തിരച്ചടികളുടെ തിരിച്ചറിവുകൾ പഠിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ അക്കാലത്തെ ജമ്മു-കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്ക് പറഞ്ഞ കാര്യങ്ങളും നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.