പാല് ഉല്പാദനം കുറയുന്നു; ഒരു വർഷത്തിനിടെ 3.26 ലക്ഷം ലിറ്ററിന്റെ കുറവ്
text_fieldsപത്തനംതിട്ട: ദേശീയ ശരാശരിക്ക് അനുസരിച്ച് ജില്ലയിലും പാല് ഉല്പാദനം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഏപ്രിലില്‍ പത്തനംതിട്ട ജില്ലയില്‍ ക്ഷീര സംഘങ്ങള്‍ വഴി 15.39 ലക്ഷം ലിറ്റര്‍ പാല് അളന്നിരുന്നു. 2024 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ഇത് 12.12 ലക്ഷം ലിറ്ററായി കുറഞ്ഞു. 3.26 ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഒരു വര്‍ഷം ക്ഷീര സംഘങ്ങളില്‍ അളന്ന പാലില്‍ ഉണ്ടായത്. ജില്ലയില്‍ ആവശ്യമായ പാല് -അനുബന്ധ ഉല്പന്നങ്ങളുടെ നാലില്‍ ഒരു ഭാഗമാണ് ക്ഷീരോല്പ്പാദക സഹകരണ സംഘങ്ങളില്‍ അളക്കുന്നത്. 40,000 ലിറ്റര്‍ പാല് സഹകരണ സംഘങ്ങളില്‍ അളക്കുകയാണെങ്കില്‍ 29,000 ലിറ്റര്‍ മില്‍മയിലേക്കും ബാക്കി പ്രാദേശികമായും വിതരണം ചെയ്യുകയാണെന്നും ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഒ .ബി മഞ്ജു പറഞ്ഞു.
അഞ്ച് വര്‍ഷമായി പശുവിനെ വളര്‍ത്തി പാല് ശേഖരിച്ച് സംഘങ്ങളില്‍ അളന്നുവന്നവരുടെ എണ്ണത്തിലും കുറവുണ്ടാവുന്നതായി ക്ഷീര വികസന വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ജില്ലയില്‍ നിലവില്‍ 198 രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘങ്ങള്‍ ഉണ്ട്. ഇതില്‍ 183 എണ്ണം അപ്കോസിന് കീഴിലും 15 എണ്ണം അപ്കോസിന് പുറത്തും രജിസ്റ്റര്‍ ചെയ്തവയാണ്. എന്നാല്‍, ജില്ലയിലെ ക്ഷീര സംഘങ്ങള്‍ 173 ആയി കുറഞ്ഞതായി സംസ്ഥാന ഡയറി ഡെവലപ്മെന്റ് വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.