‘ലഹരിക്കെതിരായ പരാതിക്കാരുടെ വിവരം പുറത്തായാൽ ഉദ്യോഗസ്ഥന് സര്‍വിസില്‍ ഉണ്ടാകില്ല’
text_fieldsഇലന്തൂര്‍ പെട്രാസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ജില്ലതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നു
പത്തനംതിട്ട; ലഹരിക്കെതിരെ സമൂഹം ഒന്നിക്കണമെന്നും കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി വേണ്ട എന്ന് പറയാനുള്ള ആര്‍ജവം യുവതലമുറ നേടണം. പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ഇതിനാവശ്യമാണ്. രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജില്ലതല സംവാദത്തില്‍ സംസ്ഥാന പാഠപുസ്തക നിര്‍മാണ സമിതി അംഗം ഡോ. അജിത് ആര്. പിള്ളയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്കെതിരായ പ്രവര്‍ത്തനം പൂര്‍ണ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ബോധവത്കരണമാണ് പ്രധാന മാര്‍ഗം. അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും പിന്തുണ ആവശ്യമാണ്.
രക്ഷിതാകള്‍ക്ക് പരിശീലനം നല്‍കണം. വിദ്യാർഥികള്‍ക്ക് കൗണ്‍സലിങ് നല്കാന് അധ്യാപകര്‍ക്കാകണം. ലഹരിക്കെതിരായ പ്രവര്‍ത്തനം പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കും. കലാ, കായിക പഠനത്തിന് സ്കൂളുകളില്‍ സമയം കണ്ടെത്തണം. ഇതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. ലഹരി ഉപയോഗിക്കുന്നവരെ കൗണ്‍സലിങ്ങിലൂടെ മാറ്റാന്‍ ശ്രമമുണ്ടാകണം. ഇതിന് സാധിക്കാത്തവരെ ഡിഅഡിക്ഷന്‍ സെന്ററിലാക്കണം. ഇവരെ അകറ്റുകയല്ല ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്.
വിദ്യാലയങ്ങളുടെ അടുത്ത് ലഹരി വില്‍ക്കുന്നവര്‍ക്കെതിരെ അധ്യാപക-രക്ഷാകര്‍ത്ത സമിതി ജാഗ്രത പുലര്‍ത്തണം. ഇവ ശ്രദ്ധയില്‍പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറിലൂടെ പരാതിപ്പെടാം. പരാതിപ്പെടുന്നവരുടെ വിവരം രഹസ്യമായിരിക്കും. സര്‍ക്കാര്‍ പര്യസങ്ങളില്‍ ഈ നമ്പര്‍ ഉള്‍പ്പെടുത്തും. പരാതിക്കാരെക്കുറിച്ച് വിവരം പുറത്തറിഞ്ഞാല്‍ ഉദ്യോഗസ്ഥന് സര്‍വിസില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.