പൂക്കളമൊരുക്കാം കുടുംബശ്രീക്കൊപ്പം
text_fieldsകടപ്രയിലെ കുടുംബശ്രീയുടെ ബന്ദിത്തോട്ടം
പത്തനംതിട്ട: ഓണപ്പൂവിളിക്കൊപ്പം ചേരാൻ കുടുംബശ്രീയും. ഓണം ലക്ഷ്യമിട്ട് കുടുംബശ്രീ കൃഷി ചെയ്ത ബന്ദി പൂക്കളുടെ വിളവെടുപ്പ് തുടങ്ങി. ജില്ലയിലെ 167 കർഷകസംഘങ്ങൾ 48.5 ഏക്കറിലായാണ് പൂകൃഷി ചെയ്തത്. ‘നിറപ്പൊലിമ’ എന്ന പേരിലായിരുന്നു കൃഷി.
കർഷകർക്ക് ഉൽപാദനം വർധിപ്പിക്കാൻ ആവശ്യമായ പരിശീലനം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും കുടുംബശ്രീ മുഖേന ലഭ്യമാക്കി. സ്കൂളുകൾ, കോളജുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, കുടുംബശ്രീ വിപണന മേളകൾ, ഓണച്ചന്തകൾ എന്നിവ മുഖേനയാണ് വിപണനം നടത്തുന്നത്. പൂക്കൾ ആവശ്യമുള്ളവർക്ക് നേരിട്ട് കുടുബശ്രീയുമായി ബന്ധപ്പെട്ടും വാങ്ങാം.
ഇതിനൊപ്പം വിഷരഹിത പച്ചക്കറികളും ഒരുക്കിയിട്ടുണ്ട്. ‘ഓണക്കനി’യെന്ന പേരിൽ പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, ചേന, ചേമ്പ്, വെള്ളരി, മത്തൻ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. വിവിധ ബ്ലോക്കുകളിലായി 332.9 ഏക്കറിൽ 490 സംഘകൃഷി ഗ്രൂപ്പുകളാണ് കൃഷിയിറക്കിയത്. കുടുംബശ്രീയുടെ കീഴിലുള്ള കർഷകവനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് വിഷമില്ലാത്ത പച്ചക്കറികളും പൂക്കളത്തിലേക്കുള്ള പൂക്കളും സ്വന്തം നാട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്ന പദ്ധതി ആവിഷ്ക്കരിച്ചത്.
ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷമുക്ത പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുകയെന്നതും ലക്ഷ്യമിട്ടാണ് ‘ഓണക്കനി’ തീവ്ര കാർഷികപദ്ധതി നടപ്പാക്കുന്നത്. ‘ഓണക്കനി’ എന്നാണ് പേരെങ്കിലും തുടർപദ്ധതിയാണിത്. തുടർമാസങ്ങളിലും കൃഷി നടക്കും.
കുടുംബശ്രീ ഉപജീവന പദ്ധതിയിൽ ‘ഓണം കുടുംബശ്രീയോടൊപ്പം’ ആശയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനായി ഇടനിലക്കാരെ ഒഴിവാക്കി കർഷകർ മുഖേന കാർഷികോൽപന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ട് എത്തിക്കാനാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്.
മെച്ചപ്പെട്ട ആദായം ലഭിക്കുന്നതിനാൽ വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും പൂക്കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. പൂക്കൾ ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 8848894279.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.