തുണിസഞ്ചിയിൽ വിജയംതുന്നി പെണ്‍കൂട്ടായ്മ
text_fieldsനേച്ചര്‍ ബാഗ്സിൽ വനിതകൾ ജോലിയിൽ
പന്തളം: പേപ്പര്‍ ബാഗില്‍ തുടങ്ങി വസ്ത്രനിര്മാണത്തിലേക്ക് മുന്നേറിയ വിജയകഥയുമായി പന്തളം നേച്ചര്‍ ബാഗ്സ് യൂനിറ്റ്. രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കില്‍ 2014ല്‍ അഞ്ച് വനിതകള്‍ ആരംഭിച്ച സംരംഭം 35 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്ഥാപനമാണിന്ന്.
മുളമ്പുഴ വാര്‍ഡില്‍ കുടുംബശ്രീ അംഗങ്ങളായ ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവരാണ് സംരംഭകര്‍. കുടുംബശ്രീ സംരംഭകത്വ വികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്ന ഏജന്‍സിയായും ‘നേച്ചര്‍ ബാഗ്സ്’ പ്രവര്‍ത്തിക്കുന്നു.
കുടുംബശ്രീയുമായി ചേര്‍ന്ന് നിലവില്‍ 750 വനിതകളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കി. കുടുംബശ്രീ ജില്ല മിഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെ തുണിസഞ്ചി രൂപകല്പന ചെയ്യുന്നതിലും മോടിപിടിപ്പിക്കുന്നതിലും തയ്യലിലുമാണ് പരിശീലനം.
പേപ്പര്‍, സ്കൂള്‍, കോളജ്, ലാപ്ടോപ് ബാഗുകള്‍, പരിസ്ഥിതി-സൗഹൃദ തുണി ബാഗുകള്‍, യൂനിഫോം, ലേഡീസ് ബാഗ്, പഴ്സുകള്‍, ജൂട്ട് ബാഗുകള്‍, ഫയല്‍ ഫോള്‍ഡറുകള്‍, തൊപ്പികള്‍ എന്നിവയാണ് പ്രധാന ഉല്പന്നങ്ങള്. തുണിസഞ്ചി 10 മുതല്‍ 200 രൂപ വരെയും സ്കൂള്‍ ബാഗിന് 350 മുതല്‍ 2000 രൂപവരെയുമാണ് വില.
ഓണ്‍ലൈന്‍ വിപണിയിലും സജീവം. പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതിയില്‍ 2015 മുതല്‍ ആധുനിക സജ്ജീകരണത്തോടെ തുണി സഞ്ചി നിര്‍മിച്ചു നല്കുന്നു. തലസ്ഥാനത്ത് സംഘടിപ്പിച്ച ‘വൃത്തി കോണ്‍ക്ലേവ് 2025’ ല്‍ 18,000ത്തോളം തുണി സഞ്ചി തയാറാക്കി നല്കി. കഴുകി ഉണക്കി പുനരുപയോഗം സാധ്യമായതിനാല്‍ നേച്ചര്‍ ബാഗ്സിന് ഡിമാന്‍ഡ് ഏറെയാണ്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഹരിതകര്‍മ സേന അംഗങ്ങള്‍, നഴ്സുമാര്‍, ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍, കഫേ കുടുംബശ്രീ എന്നിവര്‍ക്കായുള്ള യൂനിഫോമും നിര്‍മിച്ചു നല്‍കുന്നുണ്ട്.
2018 ല്‍ സംസ്ഥാനതലത്തില്‍ മികച്ച പരിസ്ഥിതി സൗഹാര്‍ദ യൂനിറ്റ്, 2019ല്‍ ജില്ലയിലെ മികച്ച കുടുംബശ്രീ യൂനിറ്റ്, 2015 മുതല്‍ 2017വരെ മുനിസിപ്പാലിറ്റി തലത്തില്‍ മികച്ച യൂനിറ്റ് എന്നീ പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
തുണിസഞ്ചി സംസ്കാരം കൂടുതല്‍ വ്യാപിക്കുന്നതിനുള്ള കര്‍മ പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണെന്ന് കുടംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ എസ്. ആദില പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.