കടലിക്കുന്ന് മലയിലെ അനധികൃത മണ്ണെടുപ്പ്; മണ്ണ് മാഫിയയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
text_fieldsമർദനമേറ്റ കടലിക്കുന്ന് സമരസമിതി കൺവീനർ എബി, വൈസ് ചെയർമാൻ ശശി പന്തളം എന്നിവർ കോഴഞ്ചേരി
ജില്ല ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ
പന്തളം: കുളനട കടലിക്കുന്ന് മലയിലെ വിവാദമായ മണ്ണെടുപ്പ് സ്ഥലത്ത് മണ്ണുമാന്തി യന്ത്രത്തിനടയിൽപെട്ട് തൊഴിലാളി മരിച്ച സംഭവം അറിഞ്ഞെത്തിയ സമരസമിതി പ്രവർത്തകർക്കും മാധ്യമപ്രവർത്തകനും നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ബിഹാർ സ്വദേശിയായ സൂരജ് കുമാറിന്റെ (25) മരണത്തെ തുടർന്ന് മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12.30യോടെ കടലിക്കുന്ന് മലയിലെത്തിയ മണ്ണെടുപ്പിനെതിരെ രൂപവത്കരിച്ച സമരസമിതി കൺവീനർ എബി, വൈസ് ചെയർമാൻ ശശി പന്തളം, മാധ്യമ പ്രവർത്തകൻ എന്നിവർക്ക് നേരെ വസ്തു ഉടമയുടെ നേതൃത്വത്തിലായിരുന്നു കൈയേറ്റം. ആക്രമണത്തിൽ പരിക്കേറ്റ എബി, ശശി പന്തളം എന്നിവരെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഇലവുംതിട്ട പൊലീസ് കേസെടുത്തു. കുളനട പഞ്ചായത്ത്-വില്ലേജിന്റെ അനുമതിയില്ലാതെയാണ് ജിയോളജി വകുപ്പ് കടലിക്കുന്ന് മലയിൽനിന്ന് മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകിയത്. 81,000 ടൺ മണ്ണ് ഇവിടെ നിന്ന് നീക്കാനാണ് അനുമതി.
ദേശീയ പാത നിർമാണത്തിനായി ഇവിടെ നിന്ന് മണ്ണ് കൊണ്ടുപോകുന്ന വാഹനങ്ങൾ തടയരുതെന്ന് ഹൈകോടതി വിധിയും മണ്ണ് മാഫിയ സമ്പാദിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് മണ്ണ് നീക്കിത്തുടങ്ങി. സമരസമിതിയുടെ പരാതി പ്രകാരം കലക്ടർ ഇടപെട്ട് മണ്ണെടുത്ത് ഇടക്കാലത്ത് നിർത്തിവെച്ചിരുന്നു.
പിന്നീട് ഒരു മാസം മുമ്പ് വീണ്ടും മണ്ണെടുപ്പ് പുനരാരംഭിച്ചപ്പോൾ അനധികൃത മണ്ണെടുപ്പ് തടയണമെന്നും കടലിക്കുന്ന് മല സംരക്ഷിക്കണമെന്നും പ്രദേശവാസികളും ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുമടങ്ങുന്ന പൗരസമിതി യോഗം ആവശ്യപ്പെട്ട് വീണ്ടും സമരവുമായി രംഗത്തെത്തിയതിനിടെയാണ് കടലിക്കുന്നിലെ മണ്ണെടുപ്പിനിടെ അന്തർസംസ്ഥാന തൊഴിലാളി മണ്ണുമാന്തി മറിഞ്ഞ് ഞായറാഴ്ച മരണപ്പെട്ടത്.
ഉള്ളന്നൂർ, കൈപ്പുഴ, മെഴുവേലി, പ്രദേശങ്ങളുടെ പരിസ്ഥിതിക്കും കുടിവെള്ളത്തിനും ഭൂമിക്കും വളരെയധികം അപകടകരമായ രീതിയിലാണ് കുന്നിന്റെ മുകളിലെ മണ്ണെടുപ്പെന്ന് പ്രദേശവാസികൾ ആരോപിച്ചു.
പൗരസമിതി യോഗം ചേർന്ന് സർക്കാറിനും ഹൈകോടതിക്കും പരാതി നൽകാനും ജനകീയ പ്രതിരോധം നടത്താനും മണ്ണെടുപ്പ് അവസാനിപ്പിക്കുംവരെ അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനും തീരുമാനമെടുത്തിരുന്നു. കടലിക്കുന്ന് സംരക്ഷണ സമിതി രൂപവത്കരിച്ച് സമീപവാസികളുടെ ഒപ്പുശേഖരണം നടത്തി കലക്ടർക്ക് പരാതി നൽകിയിരുന്നു. അടൂർ ആർ.ഡി ഓഫിസിന് മുന്നിൽ ധർണയും നടത്തി. ഇനിയും സമരം ശക്തമായി തുടരമെന്ന് സമരസമിതി അറിയിച്ചു. ദേശീയ പാത നിർമാണ പദ്ധതിക്കായി 1.67 ഏക്കർ ഭാഗത്താണ് നിലവിൽ മണ്ണെടുപ്പ് നടക്കുന്നത്.
എന്നാൽ, ശേഷിക്കുന്ന ഭാഗവും ഘട്ടംഘട്ടമായി മണ്ണെടുക്കാനാണ് നീക്കമെന്ന് സംശയമുണ്ടെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. ഇതേ മലയുടെ മറ്റൊരുഭാഗത്താണ് കുളനട, മെഴുവേലി പഞ്ചായത്തുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ഞായറാഴ്ചത്തെ അപകടത്തെ തുടർന്ന് മണ്ണെടുപ്പ് നിർത്തിവെച്ചെങ്കിലും സ്ഥലത്തെ പൊലീസ് പിക്കറ്റിങ് പിൻവലിക്കുകയും ചെയ്തു. പൊലീസ് പിന്മാറിയതോടെ മണൽ ലോബി തിങ്കളാഴ്ച കടലിക്കുന്ന മലയിൽ അഴിഞ്ഞാടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.