വാഹന മോഷ്ടാക്കളായ കുട്ടിക്കള്ളന്മാരെ കുടുക്കി പന്തളം പൊലീസ്
text_fieldsപന്തളം: കടയുടെ മുന്നിലിരുന്ന ഹോണ്ട ഡിയോ സ്കൂട്ടർ മോഷ്ടിച്ചുകടന്ന കുട്ടിക്കള്ളന്മാരെ വിദഗ്ദ്ധമായി വലയിലാക്കി പന്തളം പൊലീസ്. പന്തളം മങ്ങാരം പുത്തലേത്ത് വീട്ടിൽ നിധിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് ഈമാസം എട്ടിനു ഉച്ചകഴിഞ്ഞ് മൂന്നോടെ രണ്ട് കൗമാരക്കാർ മുട്ടാറെ കടയുടെ മുൻവശത്തുനിന്ന് തന്ത്രപരമായി കുട്ടി മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോകുയായിരുന്നു
എട്ടിനു തന്നെ നിധിൻ പന്തളം പൊലീസിൽ വിവരമറിയിച്ചു. എസ്.ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിരവധി സി.സി.ടി.വികളും ടവറുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കിയ പൊലീസ്, മെഴുവേലിയിലുള്ള കൃത്യത്തിൽ ഉൾപ്പെട്ട രണ്ടാമന്റെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെ 10ന് രാത്രി 12ഓടെ ഇരുവരെയും കുടുക്കുകയായിരുന്നു.
വാഹനത്തിന്റെ മുൻവശത്തെ നമ്പർപ്ലേറ്റ് ഇളക്കിമാറ്റി രൂപമാറ്റം വരുത്തുകയും, പിന്നിലെ നമ്പർ പ്ലേറ്റിൽ നിന്ന് ഒരക്കം മായ്ച്ചുകളയുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. വാഹനത്തിൽ പലയിടങ്ങളിൽ കറങ്ങിനടക്കുകയായിരുന്നെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. സംഭവശേഷം പന്തളം സ്വദേശിയായ കുട്ടി വീട്ടിൽ എത്തിയിരുന്നില്ല. ചന്ദനപ്പള്ളിയിലെ വെള്ളപ്പാറയിലെ ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിൽ വാഹനം പിന്നീട് പൊലീസ് കണ്ടെത്തി.
നിയമനടപടിപൂർത്തിയാക്കിയ ശേഷം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറെ വിവരമറിയിച്ചു. എസ്.ഐ അനീഷ് ഏബ്രഹാം, എസ്.സി.പി.ഒ എസ്. അൻവർഷ എന്നിവരുടെ അന്വേഷണ മികവിലാണ് ഇവർ പിടിയിലായത്. ജെ.ജെ ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.