ശ്രീജിവിന്റെ മരണം: നീതി തേടി സഹോദരന്റെ വീൽചെയർ യാത്ര
text_fieldsശ്രീജിത്തിന്റെ വീൽചെയർ യാത്ര പന്തളം ജങ്ഷനിൽ എത്തിയപ്പോൾ
പന്തളം: ശ്രീജിവിന്റെ മരണത്തിൽ നീതി തേടി സഹോദരൻ തുടങ്ങിയ വീൽചെയർ യാത്ര പന്തളത്ത് എത്തി. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി കൊലപാതകം ആത്മഹത്യയാക്കി തീർത്ത് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് സഹോദരൻ തിരുവനന്തപുരം നെയ്യാറ്റിൻകര കളത്തൂർ വെങ്കടമ്പ് പുതുവൽപുത്തൻവീട്ടിൽ ശ്രീജിത്ത് (37) സഹോദരന്റെ നീതിക്കുവേണ്ടി വീൽചെയറിൽ കാൽനടയായി സഞ്ചരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കാണ് യാത്ര. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുവന്ന വാർത്തകൾ വീൽചെയറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് എത്തി ചില നിയമ ഉപദേശങ്ങൾ തേടുന്നതിനും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ യാത്ര സംഘടിപ്പിച്ചതെന്ന് ശ്രീജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
2014 മെയ് 21ന് തിരുവനന്തപുരം പാറശാല സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിവ് വിഷം ഉള്ളിൽ ചെന്ന് മരണപ്പെട്ടതിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സഹോദരൻ ശ്രീജിത്ത് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ശരീരമാസകലം മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിൽ വിഷം ലഭ്യമാകുകയില്ല എന്ന് ഉറപ്പുവരുത്തിയ കംപ്ലയിന്റ് അതോറിറ്റി പൊലീസ് മർദനത്തിൽ മരിച്ചതായി കണ്ടെത്തി. പാറശ്ശാല സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഗോപകുമാറും എ.എസ്.എ ഫിലിപ്പോസും, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവരാണ് ഇതിനു പിന്നിലെന്നും കണ്ടെത്തിയിരുന്നു.
ഒടുവിൽ അന്വേഷണം സി.ബി.ഐയിൽ എത്തി. കസ്റ്റഡി കൊലപാതകമല്ലെന്ന സി.ബി.ഐ റിപ്പോർട്ട് ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റ് കോടതി തള്ളി. എന്നാൽ, കേസ് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടിനൊപ്പം ഹാജരാക്കേണ്ടിയിരുന്ന പതിനഞ്ചോളം പ്രധാന രേഖകൾ സി.ബി.ഐ ഹാജരാക്കിയില്ലെന്ന സാങ്കേതിക കാരണത്താലാണ് കോടതി റിപ്പോർട്ട് തളളിയത്. ശ്രീജിവിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് കഴിഞ്ഞ 10 വർഷമായി സെക്രട്ടേറിയേറ്റിനു മുന്നിൽ സമരത്തിൽ ആയിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന അവസാന കാലഘട്ടത്തിൽ ആയിരുന്നു സമരം. പൊലീസ് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ സമീപിച്ചു. വഴങ്ങാതിരുന്നപ്പോൾ രാത്രിയിൽ സമരപ്പന്തൽ അഴിച്ചുമാറ്റി കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ചു. ജയിലിൽനിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ സഹോദരന്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെയായിരുന്നു അടുത്ത സമരം. വർഷങ്ങൾ പിന്നിട്ട ശ്രീജിത്തിന്റെ സമരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയും മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തി സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നീക്കത്തിലാണ്.
കസ്റ്റഡിയിലായിരുന്ന പ്രതി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച വിഷം കഴിച്ച് മരിച്ചു എന്നാണ് പൊലീസ് പറയുന്നത്. അത് പൂർണമായും നിഷേധിക്കുകയാണ് കുടുംബം. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടതിന്റെ തെളിവുകൾ ഉണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സുപ്രീംകോടതിയുടെ പ്രത്യേക നിരീക്ഷണത്തിൽ ശ്രീജിവിന്റെ മരണം അന്വേഷിക്കുക, കൊലയാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുക, ഭരണകൂട ഗൂഢാലോചന പുറത്തുകൊണ്ടുവരിക എന്നിവയാണ് ആവശ്യങ്ങൾ. സഹോദരന്റെ ചിത്രം നെഞ്ചിൽ പ്രദർശിപ്പിച്ചാണ് ഈ 37 കാരൻ നീതിക്കുവേണ്ടി തെരുവിലിറങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.