പത്തനംതിട്ട ജില്ലയിൽ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
text_fieldsപത്തനംതിട്ട: ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 29നാണ് വേട്ടെണ്ണൽ. കുറ്റൂർ, പഞ്ചായത്തിലെ ഓതറ, കുന്നന്താനം പഞ്ചായത്തിലെ വള്ളാക്കുന്നിൽ, റാന്നി പഞ്ചായത്തിലെ ബ്ലോക്ക്പടി, അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതിൽ ഓതറയിൽ ഫലം ഭരണത്തെ ബാധിക്കാം. മറ്റ് മൂന്നിടങ്ങളിലും ഭരണകക്ഷിക്ക് നിർണായക ഭൂരിപക്ഷമുള്ളതാണ്.
ബി.ജെ.പി ഭരിക്കുന്ന കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡായ ഓതറയിൽ കോൺഗ്രസ് അംഗമായിരുന്ന തട്ടയ്ക്കാട്ട് മോടിയിൽ രവി (72) സത്യപ്രതിജ്ഞ കഴിഞ്ഞ് അഞ്ചാം ദിവസം മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രവിക്ക് 38 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 15 അംഗ പഞ്ചായത്തിൽ എൻ.ഡി.എ ആറ്, യു.ഡി.എഫ് അഞ്ച്, എൽ.ഡി.എഫ് നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. രവിയുടെ മരണത്തെ തുടർന്ന് യു.ഡി.എഫ് നാലായി.
കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാർഡായ വള്ളോക്കുന്നിൽ എൽ.ഡി.എഫ് അംഗത്തിന് ജോലി ലഭിച്ചതിനെ തുടർന്നുണ്ടായ ഒഴിവാണ് ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പഞ്ചായത്തിൽ ഒമ്പതും എൽ.ഡി.എഫ് അംഗങ്ങളാണ്. ഒഴിവ് വന്നതോടെ എട്ടായി. യു.ഡി.എഫ് അഞ്ച്, എൻ.ഡി.എ ഒന്ന് എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില. ഫലം എങ്ങനെയായാലും എൽ.ഡി.എഫിനെ ബാധിക്കില്ല എന്നതാണ് സ്ഥിതി.
റാന്നി ബ്ലോക്ക് പടി വാർഡിലും കോൺഗ്രസ് അംഗത്തിന് ജോലി കിട്ടയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 14 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് 10, യു.ഡി.എഫ് നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. അരുവാപ്പുലം പഞ്ചായത്ത് ആറാം വാർഡായ കല്ലേലിൽ സി.വി ശാന്തകുമാർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ശാന്തകുമാർ നിയമസഭയിലേക്ക് അടൂരിൽനിന്ന് മത്സരിച്ച് എം.എൽ.എയായി. 15 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
കോൺഗ്രസ് ഏഴ്, കേരള കോൺഗ്രസ് ഒന്ന്, സി.പി.എം നാല്, ബി.ജെ.പി രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില. ഓതറയിൽ മാത്രമാണ് തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കുന്നതെങ്കിലും അടൂർ എം.എൽ.എ ശാന്തകുമാർ രാജിവെച്ച കല്ലേയിലിൽ അടക്കം വളരെ വാശിയേറിയ പ്രചാരണമാണ് എല്ലാ വാർഡുകളിലും കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നടന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

