അറസ്റ്റിലായ വി.ഇ.ഒയെ സസ്പെൻഡ് ചെയ്തു
text_fieldsപത്തനംതിട്ട: മൂന്ന് ഗ്രാമപഞ്ചായത്തുകളിൽനിന്ന് ഭവനനിർമാണ പദ്ധതി ഗുണഭോക്തൃവിഹിതം അടക്കം ലക്ഷങ്ങൾ തട്ടിയതിന് അറസ്റ്റിലായ വി.ഇ.ഒ റാണി ലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ല ഇന്റേനൽ വിജിലൻസ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തദ്ദേശസ്വയംഭര വകുപ്പ് പ്രിൻസിപ്പൽ ഡയറക്റ്റർ ഡോ. ദിവ്യ എസ്. അയ്യരാണ് സസ്പെൻഡ് ചെയ്തത്. ഫയലുകൾ പരിശോധിച്ചതിൽ ഗുരുതരമായ കൃത്യവിലോപവും, സാമ്പത്തിക തിരിമറിയും, ധനാപഹരണവും കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ഇന്റേനൽ വിജിലൻസ് ഓഫിസർ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറും ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിൽ ലൈഫ് ഭവനനിർമാണം, വീട് അറ്റകുറ്റപണി, ഈസി കിച്ചൻ, ശുചുമുറി നിർമാണം എന്നിവയുടെ ഗുണഭോക്തൃവിഹിതമാണ് വ്യാജ രേഖചമച്ചും മറ്റും ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയത്. തണ്ണിത്തോട് പഞ്ചായത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ മുമ്പ് ജോലി ചെയ്തിരുന്ന പഞ്ചായത്തുകളിലും പരിശോധന നടത്തുകയായിരുന്നു. അറസ്റ്റിലായ റാണി ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ തട്ടിപ്പുകൾ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും നടന്നിട്ടുണ്ടോ എന്ന് പരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പദ്ധതികളിൽ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ അനായാസം തട്ടിപ്പ് നടത്താം എന്നാണ് റാണി ലക്ഷ്മിയുടെ നടപടികളിൽ നിന്ന് വ്യക്തമായത്. വർഷങ്ങളായി ഇവർ നടത്തിയിരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നത്. 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. പ്രതിയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

