നാശത്തിലേക്ക് പെരിങ്ങര തോട്; തോട്ടിലെ നീരൊഴുക്ക് നിലച്ച അവസ്ഥ
text_fieldsതിരുവല്ല: പോളയും പായലും നിറഞ്ഞ് എക്കൽ അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ച് നാശത്തിന്റെ പാതയിലേക്ക് പെരിങ്ങര തോട്. മണിമലയാറിന്റെ കൈവഴിയായി മണിപ്പുഴയിൽ നിന്നാരംഭിച്ച് ചാത്തങ്കരി ആറ്റിലേക്ക് ഒഴുകിയെത്തുന്ന തോടിനാണ് ഈ ദുർഗതി. വെള്ളപ്പൊക്കങ്ങളിൽ ഒഴുകിയെത്തുന്ന മണ്ണ് അടിഞ്ഞുകൂടിയതോടെ തോടിന്റെ ആഴം കുറഞ്ഞിരുന്നു.
പിന്നാലെ പോളയും പായലും കയറി തോട് മൂടി. വശങ്ങളിൽ നിന്നും തോട്ടിലേക്ക് വീണുകിടക്കുന്ന മുളങ്കൂട്ടവും മരങ്ങളും നീരൊഴുക്കിന് തടസ്സമായി. ഇതോടെ മഴ മാറും മുമ്പേ തോട്ടിലെ നീരൊഴുക്ക് നിലച്ച അവസ്ഥയായി. ഒഴുക്ക് നിലച്ചുകിടക്കുന്ന വെള്ളം കറുത്തിരുണ്ട നിലയിലാണ്. പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴാനും വെള്ളം മലിനമാവാനും ഇത് കാരണമാകുന്നുണ്ട്.
കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൂത്താടികൾ പെരുകുന്നത് തദ്ദേശവാസികൾക്ക് കൊതുക്ശല്യത്തിനും ഇടയാക്കുന്നുണ്ട്. തോടിന്റെ ഇരുകരകളിലുമായി താമസിക്കുന്നവർ ഏതാണ്ട് 15 വർഷം മുമ്പ് വരെ ഗാർഹിക - കാർഷിക ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്ന തോടാണ് ഇത്. അഞ്ചുവർഷം മുമ്പാണ് അവസാനമായി തോട് തെളിച്ചത്.
അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെട്ട പെരിങ്ങര, ചാത്തൻകേരി പ്രദേശങ്ങളിലെ വരാൽ പാടം, മാണിക്കത്തടി, കൂരച്ചാൽ, ചാത്തങ്കരി, മനകേരി തുടങ്ങിയ പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്ന പ്രധാന ജലസ്രോതസ്സാണ് ഇത്. തോട്ടിലെ നീരൊഴുക്ക് നിലയ്ക്കുന്നത് നെൽക്കർഷകരെയാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസത്തോടെ മേഖലയിലെ പാടങ്ങളിൽ കൃഷി ഒരുക്കങ്ങൾ ആരംഭിക്കും. തോട്ടിലെ നീരൊഴുക്ക് നിലയ്ക്കുന്നതോടെ പാടശേഖരങ്ങളോടു ചേർന്ന വാചാലത്തോടുകളും വറ്റും. ഇതോടെ കൃഷി ആവശ്യത്തിനുള്ള വെള്ളം വൻ തുക ചെലവഴിച്ച് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യേണ്ട അവസ്ഥയിലാണ് കർഷകർ. വേനൽ ആരംഭിക്കുന്നതോടെ തോട് പൂർണ്ണമായും വറ്റി വരളുന്ന സ്ഥിതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.