മുൻവിരോധം: വീട്ടിലേക്ക് സ്ഫോടകവസ്തുക്കൾ എറിഞ്ഞ കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsരാകേഷ്, സോനു, നിസാർ
മല്ലപ്പള്ളി: തർക്കം ഇടപെട്ട് പരിഹരിച്ചതിന്റെ പേരിലെ വിരോധത്തിൽ യുവാവിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കളും മറ്റും എറിഞ്ഞ കേസിൽ മൂന്ന് പ്രതികളെ കീഴ്വായ്പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മുണ്ടിയപ്പള്ളി വാക്കേകടവ് ആശാരിപ്പറമ്പിൽ വീട്ടിൽ എ.എസ്. രാകേഷ് (32), മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മാമണത്ത് വീട്ടിൽ എം. സോനു (26), കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം ബിൻസി ഭവനം വീട്ടിൽ എൻ. നിസാർ (26) എന്നിവരാണ് പിടിയിലായത്. നാലാം പ്രതി മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം വെള്ളാപ്പള്ളി വീട്ടിൽ അനീഷ് കെ. എബ്രഹാം(27) ഒളിവിലാണ്. സോനു നിരവധി ക്രിമിനൽ കേസിൽ പ്രതിയും, കാപ്പ നിയമനടപടികൾക്ക് വിധേയനുമായ ആളാണ്.
കുന്നന്താനം പ്ലാത്താനം തെക്കേവീട്ടിൽ സായികുമാറിന്റെ വീട്ടിലേക്കാണ് ജനുവരി 20ന് രാത്രി പന്ത്രണ്ടോടെ പ്രതികൾ സ്ഫോടകവസ്തുക്കളും മറ്റും എറിഞ്ഞത്. സായികുമാറിന്റെ സുഹൃത്ത് ജയേഷുമായി പ്രതികൾ തലേദിവസം ആഞ്ഞിലിത്താനത്തുണ്ടായ വാക്കുതർക്കം സായികുമാർ ഇടപെട്ട് പരിഹരിച്ചിരുന്നു.
അന്നുതന്നെ ഇതിന്റെ പേരിൽ പ്രതികൾ ഇയാളെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയിരുന്നു. പിറ്റേന്ന് പ്രതികൾ നാടൻ ബോംബ് പോലുള്ള വസ്തു വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, വീട്ടുകാർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു.
സ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം, ബോംബ് സ്ക്വാഡ്, പൊലീസ് ഫോട്ടോഗ്രാഫർ തുടങ്ങിയവർ വിദഗ്ദ്ധ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. നാടൻ ബോംബിന് സമാനമായ വസ്തു ബോംബ് സ്ക്വാഡിലെ വിദഗ്ധർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി സ്റ്റേഷനിലേക്ക് മാറ്റി, നിർവീര്യമാക്കി.
ഒന്നാംപ്രതി രാകേഷിനെയും മൂന്നാം പ്രതി നിസാറിനെയും റബർ തോട്ടത്തിൽ നിന്ന് പിടികൂടി. രണ്ടാം പ്രതി സോനുവിനെ വീടിനടുത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
സായികുമാറിന്റെ വീട്ടിൽ അതിക്രമം നടത്തിയശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇവർ ചെങ്ങന്നൂരുള്ള എൽവിൻ രാജന്റെ വീടിന്റെ ജനാലയും മറ്റും അടിച്ചുതകർത്തതായി പൊലീസിനോട് വെളിപ്പെടുത്തി. ഈ കേസിൽ ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. പെട്രോൾ വാങ്ങിയ കുന്നന്താനത്തെ പമ്പിലും, സ്ഫോടകവസ്തുക്കൾ വാങ്ങിയ ചങ്ങനാശ്ശേരിയിലെ കടയിലും അന്വേഷണസംഘമെത്തി പിന്നീട് തെളിവെടുത്തു.
പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ കോഴഞ്ചേരിയിലെ ബാറിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു. സ്ഫോടകവസ്തു നിർമിച്ചത് രാകേഷിന്റെ വീടിന് പിൻവശത്ത് വെച്ചാണെന്ന് ഇവർ വെളിപ്പെടുത്തി. കീഴ്വായ്പ്പൂർ പൊലീസ് 2019 മുതൽ രജിസ്റ്റർ ചെയ്ത ആറ് ക്രിമിനൽ കേസിൽ പ്രതിയാണ് സോനു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനീഷിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.